ഇയ്യോബിന്റെ കുപ്പായം

manoj angamaly

ഇയ്യോബിന്റെ കുപ്പായം

മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം മനോജ് അങ്കമാലിക്കാണ് എന്ന പ്രഖ്യാപനം വന്നപ്പോഴാണ് അങ്കമാലിയിലുള്ളവര്‍ പോലും ഇങ്ങനൊരു പ്രതിഭ തങ്ങള്‍ക്കിടയിലുണ്ട് എന്ന് മനസ്സിലാക്കിയത്.

ക്യാമറാമാനാകാന്‍ മോഹിച്ച്, സിനിമയിലെത്തി ചമയക്കാരനായ മനോജ് അങ്കമാലി സംസ്ഥാന അവാര്‍ഡിന്റെ ആഹ്ലാദാരവത്തിലാണ്. ചമയക്കാരനായ കഥ പതിനഞ്ച് വര്‍ഷമായി മനോജ് അങ്കമാലി എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ചമയത്തിന്റെ ലോകത്തുണ്ട്. മേക്കപ്പ് അസിസ്റ്റന്റ് ആയിട്ടായിരുന്നു മനോജിന്റെ മേക്കപ്പ് രംഗത്തേക്കുള്ള അരങ്ങേറ്റം. എന്നാല്‍ ഇതൊന്നുമായിരുന്നില്ല തന്റെ സ്വപ്‌നങ്ങള്‍ എന്ന് മനോജ് പറയുന്നു;

”ഞാന്‍ പഠിച്ചത് അങ്കമാലി സെന്റ് ജോസഫ് സ്‌കൂളിലായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നാടകങ്ങളോടായിരുന്നു കമ്പം. പത്താം ക്ലാസ്സിലെത്തിയ സമയത്ത് ഏകാംഗ നാടകങ്ങളില്‍ സജീവമായിരുന്നു. അഭിനയിക്കണം എന്നൊരു മോഹമായിരുന്നു അന്ന് മനസ്സില്‍. പത്താം ക്ലാസ്സ് കഴിഞ്ഞ് കാലടി ശ്രീ ശങ്കര കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. തെരുവുനാടകങ്ങള്‍ ചെയ്യുന്നത് ആ കാലത്താണ്. ഇ. എം. ശ്രീധരന്‍ തിരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സമയത്ത് അദ്ദേഹത്തിനു വേണ്ടി മൂന്നുമാസത്തോളം അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും നിരവധി തെരുവുനാടകങ്ങള്‍ ചെയ്തിട്ടുണ്ട്.”

അഭിനയ മോഹം നിറഞ്ഞ നാടകക്കാലത്തിന് ശേഷം മനോജ് എത്തിച്ചേര്‍ന്നത് കലയുടെ മറ്റൊരു വഴിയിലാണ്; വീഡിയോഗ്രഫി. ”എന്റെ ചേട്ടന്‍ ജോണ്‍സണ്‍ വീഡിയോഗ്രാഫറാണ്. പ്രീഡിഗ്രി പഠനം കഴിഞ്ഞ് ചേട്ടന്റെ ഒപ്പം അസിസ്റ്റന്റായി പോ യിത്തുടങ്ങി. സിനിമയില്‍ ക്യാമാറാമാന്‍ ആകണമെന്ന് തീരുമാനിച്ചുറപ്പിച്ചത് അപ്പോള്‍ മുതലാണ്. പിന്നീട് അതിന് വേണ്ടിയുള്ള പരിശ്രമമായിരുന്നു.” എന്നാല്‍ ക്യാമറാമാനാകാന്‍ സിനിമയെ തേടിയിറങ്ങിയ ഈ ചെറുപ്പക്കാരന് സിനിമ നല്‍കിയത് മറ്റൊരവസരമാണ്.

പ്രശസ്ത മേക്കപ്പ്മാന്‍ പി.വി. ശങ്കറിന്റെ അസിസ്റ്റന്റ് സ്ഥാനം. തൊട്ടടുത്ത് സിനിമയുള്ളപ്പോള്‍ ക്യാമറാമാന്‍ എന്ന തന്റെ സ്വപ്‌നം പൂവണിയുമെന്ന് തന്നെ മനോജ് ഉറച്ച് വിശ്വസിച്ചു. ”ശങ്കരേട്ടനാണ് മേക്കപ്പില്‍ എന്റെ ഗുരു. ചമയത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ എനിക്ക് പറഞ്ഞ് തന്നത് അദ്ദേഹമാണ്. പത്ത് വര്‍ഷം അദ്ദേഹത്തിന്റെ അസിസ്റ്റന്റായി ജോലി ചെയ്തു. മറ്റൊരു മേക്കപ്പ്മാനായ ബിനേഷ് ഭാസ്‌കറിനൊപ്പവും അസിസ്റ്റന്റായി വര്‍ക്ക് ചെയ്തു.” ഗുരുക്കന്‍മാരുടെ അനുഗ്രഹത്തെ ആദരവോടെയാണ് മനോജ് ഓര്‍ത്തെടുക്കുന്നത്.

”സ്വതന്ത്ര മേക്കപ്പ്മാനായി ജോലി ചെയ്യാനുള്ള ധൈര്യവും ഒരു സിനിമയും കയ്യില്‍ വച്ചു തന്നത് ശങ്കറേട്ടനാണ്.” ‘ഇത് ഞങ്ങളുടെ കഥ’ എന്ന സിനിമയിലൂടെയായിരുന്നു മനോജ് സ്വതന്ത്രമായി മേക്കപ്പ് ചെയ്യാനാരംഭിച്ചത്. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ആസിഫ് അലി ആയിരുന്നു നായകന്‍. ഈ സിനിമയുടെ വിജയം പിന്നീട് നിരവധി സിനിമകളില്‍ മേക്കപ്പ്മാനാകാന്‍ അവസരം നല്‍കി.

ഇയ്യോബിന്റെ പുസ്തകം

അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയില്‍ അമല്‍ നീരദ് നേരിട്ട് വിളിച്ചാണ് അവസരം നല്‍കിയത്. ”ഞാനൊരു സിനിമ ചെയ്യുന്നുണ്ട്. വളരെ പഴയ കാലഘട്ടമാണ് സിനിമയില്‍. നിനക്ക് ചെയ്യാന്‍ പറ്റുമോ? എന്ന് അമലേട്ടന്‍ ചോദിച്ചു. ചെയ്യാമെന്ന് ഞാന്‍ ഉറപ്പ് കൊടുത്തു.”

1917 മുതല്‍ 1977 വരെയുള്ള കാലഘട്ടമാണ് ഇയ്യോബിന്റെ പുസ്തകത്തിലൂടെ അമല്‍ നീരദ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ”ആ സിനിമയ്ക്കു വേണ്ടി ഞാന്‍ നന്നായി തയ്യാറെടുപ്പ് നടത്തിയിരുന്നു. ആ കാലഘട്ടത്തിലുള്ള വസ്ത്രങ്ങള്‍, ഹെയര്‍സ്റ്റൈല്‍ ഇവയെല്ലാം സൂക്ഷ്മമായി ശ്രദ്ധിച്ചു. അതില്‍ ലെന ചെയ്യുന്ന കഥാപാത്രത്തിന്റെ മേക്കപ്പിനും ഹെയര്‍സ്റ്റൈലിനും പ്രത്യേകതയുണ്ട്. കൂടുതല്‍ വര്‍ക്ക് ചെയ്യേണ്ടി വന്നത് ഫഹദിന്റെ കഥാപാത്രത്തിന് വേണ്ടിയായിരുന്നു.”

ഇയ്യോബിന്റെ പുസ്തകത്തിന് അംഗീകാരമെത്തിയ വഴിയെക്കുറിച്ച് മനോജ് വിവരിച്ചു. അവാര്‍ഡ് കിട്ടും ”ഈ സിനിമ ഇറങ്ങിക്കഴിഞ്ഞ് എനിക്ക് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ഫിലിം പ്രൊഡ്യൂസേഴ്‌സിന്റെയും കുസാറ്റിന്റെയും അവാര്‍ഡുകള്‍. ഈ വര്‍ക്ക് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ലാല്‍ സാര്‍ എന്നോട് പറഞ്ഞിരുന്നു

‘ഇതിന് നിനക്കൊരു അവാര്‍ഡ് കിട്ടുമെന്ന.്’ ഏല്‍പിക്കുന്ന സമയത്ത് അമലേട്ടനും പറഞ്ഞിരുന്നു, അവാര്‍ഡ് കിട്ടാന്‍ സാധ്യതയുണ്ടെന്ന്. എല്ലാവരും പറഞ്ഞപ്പോള്‍ എനിക്കും തോന്നി. കിട്ടിയാല്‍ കിട്ടട്ടെ എന്ന്.”

മനോജ് നിറഞ്ഞ് ചിരിച്ചു. അവാര്‍ഡ് കിട്ടിയപ്പോള്‍ ”ഞാന്‍ കാലിന് ചെറിയൊരു പരുക്ക് പറ്റി വീട്ടിലായിരുന്നു. അതുകൊണ്ട് ടിവിയുടെ മുന്നില്‍ തന്നെയായിരുന്നു ഇരിപ്പ്. ചാനലില്‍ പ്രഖ്യാപനം വന്നപ്പോള്‍ ആദ്യമൊന്ന് ഞെട്ടി. പിന്നെ വളരെ സന്തോഷം തോന്നി. ഞാനൊരു സിനിമാക്കാരനല്ല, കലാപാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ നിന്നും വന്നയാളല്ല. അതുകൊണ്ടു തന്നെ ഈ അംഗീകാരം എനിക്ക് വളരെ വിലപ്പെട്ടതാണ്.”

ആദ്യം വിളിച്ചത് ശങ്കറേട്ടനാണ്. ‘എടാ നിനക്ക് അവാര്‍ഡുണ്ടെടാ’. പിന്നെ സിനിമാരംഗത്തുള്ള മിക്കവരും വിളിച്ച് അഭിനന്ദനം അറിയിച്ചു. നാട്ടില്‍ ഇപ്പോള്‍ സ്വീകരണങ്ങളുടെ ബഹളമാണ്. എന്റെ നാട്ടില്‍ ഞാനൊരു സിനിമാക്കാരനാണെന്ന് ആര്‍ക്കും അറിയില്ല. എനിക്ക് അവാര്‍ഡ് കിട്ടിയപ്പോഴാണ് എല്ലാവരും എന്നെ അറിഞ്ഞത്.

കടപ്പാട്

”എന്നെ വിശ്വസിച്ച് ഒരു സിനിമ ഏല്‍പ്പിച്ച അമലേട്ടനോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. പിന്നെ എന്റെ മാതാപിതാക്കളോട്. ഇഷ്ടപ്പെട്ട ജോലി ചെയ്ത് ജീവിക്കാന്‍ എനിക്ക് സ്വാതന്ത്ര്യം നല്‍കിയത് എന്റെ അച്ഛനും അമ്മയുമാണ്. അവരുടെ പ്രാര്‍ത്ഥനയും സ്‌നേഹവും ഇല്ലായിരുന്നെങ്കില്‍ എനിക്കെങ്ങും എത്താന്‍ കഴിയില്ലായിരുന്നു. എന്റെ ഭാര്യ, മക്കള്‍, സുഹൃത്തുക്കള്‍ എല്ലാവരും എന്റെ നന്മ ആഗ്രഹിച്ചവരാണ്. അവരോടൊക്കെ കടപ്പാടുണ്ട്.” മനോജിന്റെ വാക്കുകള്‍ വികാരഭരിതമായി.

manoj familyഇനി

”നല്ല സിനിമകളില്‍ വര്‍ക്ക് ചെ യ്യണം. അച്ഛനും അമ്മയും പഠിപ്പിച്ചതുപോലെ ചെയ്യുന്ന ജോലി സത്യസന്ധമായും കൃത്യമായും ചെയ്യണം. അത്രേയുള്ളൂ മോഹങ്ങള്‍.” കൊടൈക്കനാലില്‍ ചിത്രീകരണം നടക്കുന്ന പുതിയ സിനിമയുടെ ചമയത്തിരക്കുകളിലേക്ക് നടന്നു പോകുമ്പോള്‍ മനോജ് അങ്കമാലി പറഞ്ഞവസാനിപ്പിച്ചു.

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

seven + 6 =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>