ഇരുട്ടും വെട്ടവും തോറ്റ കളി

blind

കോഴിക്കോട് താമരശ്ശേരിക്കാരന്‍ മുഹമ്മദ് സാലിയുടെ ഇരുട്ടിന്റെ കഥ തുടങ്ങുന്നത് രണ്ട് തലമുറയ്ക്ക് മുന്‍പാണ്. അതായത് മുഹമ്മദിന്റെ വാപ്പയുടെ വാപ്പ ഇമ്പിച്ചി ആലി ഹാജിയില്‍ നിന്ന്. അന്ധനായാണ് ഇമ്പിച്ചി ആലി ഹാജി ജനിക്കുന്നത്. കാഴ്ച്ചയില്ലായിരുന്നെങ്കിലും മതപരമായ കാര്യങ്ങളില്‍ തല്‍പരനായിരുന്നു ഇമ്പിച്ചി.

ഖുറാനായിരുന്നു ഇമ്പിച്ചിയുടെ ഉത്തമ കൂട്ടുകാരന്‍. ഇരുട്ടിന്റെ വഴിയില്‍ എപ്പോഴോ ഇമ്പിച്ചിയുടെ ജീവിതത്തില്‍ വിളക്കായി ഉമ്മയ്യയും ചേര്‍ന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇമ്പിച്ചിയ്ക്കും ഉമ്മയ്യയ്ക്കും ഒരു കുഞ്ഞു പിറന്നു- അബ്ദുള്‍ സലാം. അവനും കാഴ്ച്ചയില്ലായിരുന്നു. എന്നാല്‍ വാപ്പയേക്കാള്‍ മിടുക്കനായിരുന്നു മകന്‍. മതഗ്രന്ഥങ്ങളും ഖുറാനുമായിരുന്നു അവന്റേയും കൂട്ട്.

അറബി ഗ്രന്ഥങ്ങളും ഖുറാനുമെല്ലാം പലരില്‍ നിന്നും കേട്ടു കേട്ടു മന:പാഠമാക്കി. പിന്നീട് അബ്ദുള്‍ സലാമിന്റെ ജീവിതസഖിയായി പാത്തുമ്മ വന്നു.അവര്‍ക്ക് അഞ്ച് മക്കളുണ്ടായി. മൂന്ന് ആണും രണ്ട് പെണ്ണും. അവരില്‍ മൂത്തമകനും രണ്ട് പെണ്‍മക്കള്‍ക്കും കാഴ്ച്ചയില്ല. മൂത്തമകനാണ് മുഹമ്മദ് സാലി.

ഇരുട്ടിലെ വളര്‍ച്ച

അബ്ദുള്‍ സലാമിനേക്കാള്‍ മിടു മിടുക്കനായാണ് മുഹമ്മദ് സാലി വളര്‍ന്നത്. വല്യുപ്പയ്ക്കും വാപ്പയ്ക്കും ലഭിക്കാതെ പോയ ഒന്ന് മുഹമ്മദ് സാലിക്ക് ലഭിച്ചു- വിദ്യാഭ്യാസം. പത്താം വയസ്സിലാണ് മുഹമ്മദ് സ്‌പെഷല്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കുന്നത്. ”ഞാന്‍ ജനിക്കുമ്പോള്‍ തന്നെ എനിക്കു ചുറ്റും ഇരുട്ടാണ്. ഇതുവരെ വെളിച്ചം കാണാത്തത് കൊണ്ടാകണം ഞാന്‍ ഒരു അന്ധനാണെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. വാപ്പയ്ക്ക് കാഴ്ച്ച ഇല്ലാത്തത് കാരണം എന്നെ സ്‌കൂളില്‍ കൊണ്ടു പോകേണ്ടതും കൊണ്ടു വരേണ്ടതും ഉമ്മയുടെ ചുമതലയായിരുന്നു. അങ്ങനെ കോഴിക്കോട് റഹ്മാനിയ സ്‌പെഷല്‍ സ്‌കൂളില്‍ ഞാന്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കൂളില്‍ എന്റെ സീനിയറും അന്ധനുമായ നൗഷാദ് എനിക്കൊരു അത്ഭുതത്തെ പരിചയപ്പെടുത്തുന്നത്. 64 കളങ്ങളില്‍ 32 കൂട്ടാളികളെ വച്ചുള്ള ഒരു കളി- ചെസ്സ്. നൗഷാദിന് കാഴ്ച്ചയില്ലെങ്കിലും കളങ്ങള്‍ക്ക് കറുപ്പും വെളുപ്പുമാണ് നിറമെന്ന് അവന്‍ എനിക്ക് പറഞ്ഞു തന്നു. എങ്ങനെയോ എനിക്കാ കളിയോട് താല്‍പര്യം തോന്നി. അങ്ങനെയാണ് സ്‌കൂളിലെ ഹുസൈന്‍ സാറില്‍ നിന്ന് ചെസ്സിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നത്. പിന്നീടുള്ള ചെസ്സ് പഠനങ്ങള്‍ തനിച്ചായിരുന്നു.”

ഇരുട്ടിന്റെ ചെസ്സ്

അന്ധര്‍ക്ക് മാത്രമായി പഠിക്കാനും കളിക്കാനും സ്‌പെഷല്‍ ചെസ്സ് ബോര്‍ഡുണ്ട്. ”വലിപ്പ വ്യത്യാസമുള്ളത് കാരണം തൊടുമ്പോള്‍ തന്നെ കരുക്കള്‍ ഏതാണെന്ന് എളുപ്പം മനസ്സിലാകും. എല്ലാ കരുക്കള്‍ക്കും കാലുകളുണ്ടാകും. പിന്നീട് മനസ്സിലാക്കേണ്ടത് നിറമാണ്. അതിനായി ഏതെങ്കിലും നിറത്തിലുള്ള കരുവിന്റെ മുകളിലായി തൊട്ടാല്‍ തിരിച്ചറിയാനെളുപ്പത്തിനൊരു ഡോട്ട് അടയാളം കൊടുക്കും. എപ്പോഴും വെളുത്ത കരുക്കളിലാണ് അടയാളങ്ങള്‍ രേഖപ്പെടുത്തുക. അടുത്തത് കളങ്ങള്‍ തിരിച്ചറിയുക എന്നതാണ്. അതിനായി ചെസ്സ് ബോര്‍ഡില്‍ വെളുത്ത കളങ്ങള്‍ക്ക് താഴ്ച്ചയും കറുത്ത കളങ്ങള്‍ക്ക് ഉയര്‍ച്ചയും കൊടുത്തിട്ടുണ്ടാകും. ഓരോ കളത്തിലും കരുക്കള്‍ വയ്ക്കുമ്പോള്‍ വീണുപോകാതെ ശ്രദ്ധിക്കണം. അതിനായി കാലുകളുള്ള കരുക്കള്‍ കളങ്ങളില്‍ പ്രസ് ചെയ്ത് വയ്ക്കാന്‍ സംവിധാനവും ചെയ്തിട്ടുണ്ട്.” കണ്ടു നിന്ന് പഠിക്കേണ്ട ചെസ്സ് കളി മനസ്സില്‍ കണ്ട് അതിവേഗം തന്നെ പഠിച്ചെടുക്കാന്‍ കഴിഞ്ഞതാണ് മുഹമ്മദ് സാലിയുടെ വിജയം. നാലാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ്സ് വരെ സ്‌കൂളിലെ ചെസ്സ് ചാമ്പ്യനായിരുന്നു മുഹമ്മദ്.

ചെസ്സിനൊപ്പം വിദ്യാഭ്യാസം

ഉപ്പുപ്പയില്‍ നിന്നും വാപ്പയില്‍ നിന്നും മുഹമ്മദിന് പാരമ്പര്യമായി കിട്ടിയത് ഇരുട്ട് മാത്രമായിരുന്നില്ല. ഉപ്പുപ്പയുടെ മനക്കരുത്തും എന്തും പഠിച്ചെടുക്കാനുള്ള വാപ്പയുടെ ഇച്ഛാശക്തിയും പാരമ്പര്യമായി മുഹമ്മദിന് കിട്ടിയിരുന്നു. അതുകൊണ്ട് തന്നെയാണ് ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചതിനു ശേഷം കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് പത്താം ക്ലാസ് എഴുതിയെടുക്കുന്നത്. ”കാരന്തൂര്‍ മര്‍ക്കത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടൂ പഠിക്കാന്‍ പോകുമ്പോള്‍ എനിക്ക് പ്രായം 20. സാധാരണ കുട്ടികള്‍ക്കൊപ്പം പഠിച്ച് ഞാന്‍ പ്ലസ് ടൂ പാസായി. ദേവഗിരി കോളേജില്‍ ബി. എ ഹിസ്റ്ററിക്ക് ചേരുന്നതും എന്റെ ഇഷ്ടപ്രകാരമാണ്. സാധാരണ കുട്ടികള്‍ പോകുന്നത് പോലെ ദിവസവും സ്‌കൂളില്‍ ഒറ്റയ്ക്ക് പോകും; ഒറ്റയ്ക്ക് തിരിച്ചു വരും. പഠനത്തില്‍ മുന്‍പന്തിയിലല്ലായിരുന്നെങ്കിലും ബി. എ യും ഞാന്‍ ജയിച്ചു. അവിടെയും ചെസ്സ് എന്നെ മിടുക്കന്‍ എന്ന പേര് കേള്‍പ്പിച്ചു. കോളേജിലെയും പുറത്തെയും ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ ഞാന്‍ സമയം കണ്ടെത്തി.”

കറുപ്പും വെളുപ്പും പിന്നെയും

നിറങ്ങളെ കാണാനോ സ്‌നേഹിക്കാനോ മുഹമ്മദിനാകുന്നില്ലെങ്കിലും മുഹമ്മദിനെ പൂര്‍ണ്ണമായും സ്‌നേഹിക്കുന്ന രണ്ട് നിറങ്ങളുണ്ട്- കറുപ്പും വെളുപ്പും. വര്‍ണ്ണങ്ങളായി അവ ആദ്യം 12-ാം വയസ്സില്‍ കൂട്ടിനെത്തി. പിന്നീട് അവരുടെ വരവ് 25-ാം വയസ്സില്‍ വക്കീല്‍ കുപ്പായത്തിലൂടെയാണ്. ”കാഴ്ച്ചയില്ലാത്തവര്‍ക്ക് ഏറ്റവും എളുപ്പം ശോഭിക്കാന്‍ പറ്റുന്ന ഫീല്‍ഡ് ടീച്ചിങ്ങാണ്. ഞാന്‍ ഡിഗ്രി കഴിഞ്ഞപ്പോള്‍ പലരും എന്നെ നിര്‍ബന്ധിച്ചു ബി.എഡ്ഡിന് ചേരാന്‍. പക്ഷേ എനിക്ക് അതിലായിരുന്നില്ല താല്‍പര്യം. കുറച്ച് കഷ്ടപ്പാടുകളുണ്ടെങ്കിലും എല്‍. എല്‍. ബി. എന്റെ സ്വപ്‌നമായിരുന്നു. അഞ്ച് പേപ്പറുകള്‍ കൂടി എഴുതിയെടുത്തു കഴിഞ്ഞാല്‍ പിന്നെ കറുപ്പും വെളുപ്പും എന്റെ മനസ്സിനോട് മാത്രമല്ല എന്റെ ശരീരത്തോടും ചേരും.”

എനിക്കൊപ്പം നിന്നവര്‍

കാഴ്ച്ചയില്ലാത്തവര്‍ക്ക് കൈ പിടിക്കാന്‍ ദൈവം ചിലരെ അവര്‍ക്കൊപ്പം അയക്കും. മുഹമ്മദിന്റെ കാര്യത്തിലും ദൈവം അത് തന്നെ ചെയ്തു. ”എനിക്ക് ചെസ്സ് പരിചയപ്പെടുത്തിയ നൗഷാദിനും ഹുസൈന്‍ സാറിനും ശേഷം എനിക്കൊപ്പം നിന്ന രണ്ട് പേരുണ്ട്- പ്രമോദും ഷൈജുവും. നാട്ടില്‍ എവിടെയൊക്കെ ടൂര്‍ണ്ണമെന്റുകളുണ്ടോ അവിടെയെല്ലാം എന്നെ എത്തിക്കുന്നവരാണവര്‍; കാഴ്ച്ചയില്ലാത്ത എനിക്ക് വഴികാട്ടികളായി നില്‍ക്കുന്നവര്‍. എല്‍. എല്‍. ബിയുടെ കാഠിന്യം അറിഞ്ഞ് എന്നെ പഠനത്തില്‍ സഹായിക്കുന്ന ഒരാളുണ്ട്- ബിജു ചേട്ടന്‍. വക്കീല്‍ പഠനത്തിന്റെ 36 പേപ്പറുകളില്‍ 31 എണ്ണം വിജയിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ അത് ബിജു ചേട്ടന്‍ കാരണമാണ്. പരീക്ഷയടുത്താല്‍ ഞാന്‍ ബിജു ചേട്ടനൊപ്പമായിരിക്കും. അദ്ദേഹമാണ് എന്നെ പഠിപ്പിക്കുന്നത്.” എപ്പോഴും കൂടെ നില്‍ക്കാനും ഒരാളെ ദൈവം മുഹമ്മദിനൊപ്പം അയച്ചിട്ടുണ്ട്- സംഷാദ. ”എനിക്ക് വിവാഹ പ്രായമായപ്പോള്‍ ആദ്യം വന്ന ആലോചനയാണ് സംഷാദയുടേത്.

സംഷാദയുടെ അടുത്ത് ഞാന്‍ നേരിട്ട് പോയി സംസാരിക്കുകയും നേരിട്ട് സമ്മതം വാങ്ങുകയും ചെയ്തു. രണ്ട് വര്‍ഷം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട്. ഒന്നര വയസ്സുള്ള മകളുണ്ട് ഞങ്ങള്‍ക്ക്. ഹന്ന എന്നാണവളുടെ പേര്. എനിക്കുണ്ടായ കുഴപ്പങ്ങളൊന്നും അവള്‍ക്കുണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അന്ധത പാരമ്പര്യമായി ലഭിക്കുന്നത് കാരണം എന്തും സ്വീകരിക്കാന്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ദൈവം അവളെ നിറങ്ങള്‍ കാണിക്കാന്‍ മറന്നില്ല.”

നേടിയെടുത്ത ചാമ്പ്യന്‍ പദവികള്‍

”കണ്ണില്ലെങ്കിലും കണ്ടില്ലെങ്കിലും ഞാന്‍ ഇന്ത്യയെ മുഴുവനായും അറിഞ്ഞിട്ടുണ്ട്. നിലയ്ക്കാത്ത കയ്യടിയിലൂടെ.” രാജ്യമൊട്ടാകെ ഓടി നടന്നാണ് മുഹമ്മദ് ചെസ് കളിക്കുന്നത്. ഇന്റര്‍ സ്റ്റേറ്റില്‍ രണ്ടാമതും നാഷണല്‍ ലെവലില്‍ അഞ്ചാമതും നാഷണല്‍ എ ക്ലാസ് ടൂര്‍ണ്ണമെന്റില്‍ പത്ത് പേരില്‍ ഒമ്പതാമനായും മുഹമ്മദ് എത്തിയിട്ടുണ്ട്. ”കോളേജില്‍ പഠിക്കുമ്പോള്‍ ഇന്റര്‍ സോണ്‍ യൂണിവേഴ്‌സിറ്റി ടൂര്‍ണ്ണമെന്റില്‍ ഞങ്ങളുടെ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചു. സാധാരണക്കാര്‍ക്കൊപ്പവും കാഴ്ച്ചയില്ലാത്തവര്‍ക്കൊപ്പവും ഞാന്‍ കളിച്ച് വിജയിച്ചു. സൈമുള്‍ട്ടേനിയസ് ചെസ്സ് ടൂര്‍ണ്ണമെന്റില്‍ രണ്ടു തവണ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തും വച്ചായിരുന്നു ടൂര്‍ണ്ണമെന്റ്. ഒരേ സമയം എന്നോട് മത്സരിച്ചത് ആറുപേരാണ്.” കേരളാ ടീമിന്റെ ചെസ്സ് ക്യാപ്റ്റന്‍ കൂടിയായിരുന്നു മുഹമ്മദ്.

ഇലക്‌ട്രോണിക് ചെസ്സ് ബോര്‍ഡ്

കാഴ്ച്ചയില്ലാത്തവര്‍ക്ക് ഒരു നൊട്ടേറ്ററുടെ സഹായമില്ലാത്ത യുദ്ധക്കളം ഒരുക്കാനുള്ള തയ്യാറെടുപ്പിന് സഹായിയാണ് മുഹമ്മദ് ഇപ്പോള്‍. ”അന്ധര്‍ക്കായുള്ള ചെസ്സ് ബോര്‍ഡാണ് ഇലക്‌ട്രോണിക് ചെസ്സ് ബോര്‍ഡ്. ഓരോ മൂവ്‌മെന്റും നൊട്ടേറ്ററുടെ സഹായമില്ലാതെ ചെയ്യാനും അറിയാനും ഇലക്‌ട്രോണിക്ക് ചെസ്സ് ബോര്‍ഡിലൂടെ കഴിയും. അത്തരമൊരു ചെസ്സ് ബോര്‍ഡ് നേരത്തെ തന്നെ വന്നു കഴിഞ്ഞിരുന്നു. എന്നാല്‍ കേരളത്തില്‍ അത്തരമൊരു ചെസ്സ് ബോര്‍ഡ് സോഫ്റ്റ് വെയര്‍ ഉണ്ടാക്കുകയാണ് ‘ശോകിനി സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനി. ശോകിനിയുടെ ബ്രാന്റ് അംബാസഡര്‍ ആണ് ഞാന്‍.” കാഴ്ച്ചയില്ലാത്തവര്‍ക്ക് മൂന്നാമതൊരു ആളുടെ ഇടപെടലില്ലാത്ത ചെസ് ബോര്‍ഡ് സോഫ്റ്റ് വെയറിന് തന്നേക്കൊണ്ടാകുന്ന സഹായം ചെയ്യുന്നതില്‍ ഏറെ സന്തോഷവാനാണ് മുഹമ്മദ്.

blind

blind

എല്ലാം തനിയെ

ഉമ്മയുടെ കയ്യില്‍ തൂങ്ങി സ്‌കൂളിലേക്ക് പോയിരുന്ന മകന്‍ പിന്നീട് ഉമ്മയുടെ എന്നല്ല ആരുടേയും അനുകമ്പയ്‌ക്കോ അമിതമായ സഹായത്തിനോ വേണ്ടി കാത്തിരുന്നിട്ടില്ല. എല്‍. എല്‍. ബിയുടെ പേപ്പര്‍ എഴുതിയെടുക്കുന്നതിന് മുന്‍പുള്ള ചെറിയൊരു ഇടവേള വെറുതെ കളയാന്‍ മുഹമ്മദിന് താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ചെന്നൈയില്‍ ഒമ്പത് മാസത്തെ ഓഫീസ് മാനേജ്‌മെന്റ് കോഴ്‌സിന് ചേര്‍ന്നത്. ”ചെന്നൈയിലേക്കുള്ള പോക്കും വരവും തനിച്ചാണ്. ജനിച്ചപ്പോള്‍ മുതല്‍ ഞാന്‍ ഒരു അന്ധനാണെന്ന് എനിക്ക് തോന്നിയിട്ടില്ല. സാധാരണ കുട്ടികള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഞാന്‍ താല്‍പര്യപ്പെട്ടിരുന്നു; മരത്തില്‍ കയറാനും പുഴയില്‍ നീന്താനും എല്ലാം. അ തുകൊണ്ട് എനിക്കുറപ്പുണ്ട് ഈ അന്ധത എന്റെ വഴികളില്‍ എന്നെ ചതിക്കില്ല.”

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

twenty − seventeen =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>