എന്ന് നിന്റെ നന്ദന്‍

kavitha nair

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ കവിത നായരുടെ മുന്‍പിലേക്ക് വന്നിരുന്ന ഒരു ചോദ്യമുണ്ട്. ”ഏറ്റവും വലിയ സ്വപ്‌നം എന്താണ്?”

പുസ്തകങ്ങളെ പ്രണയിച്ചു നടന്ന കവിത ഒരാലോചനയ്ക്ക് സമയം കൊടുക്കാതെ മറുപടി കൊടുക്കും: ”എനിക്കൊരു ലൈബ്രറി തുടങ്ങണം.” ചിന്തയിലും സ്വപ്‌നങ്ങളിലും എന്നും കവിത നായരുടെ കൂട്ട് പുസ്തകങ്ങളായിരുന്നു. ഒരു പ്രണയം, വിവാഹം, ഭര്‍ത്താവ്, കുടുംബം, കുട്ടികള്‍ ഒന്നും തന്നെ ആ സ്വപ്‌നത്തില്‍ ഉണ്ടായിരുന്നില്ല. പക്ഷേ എല്ലാം വളരെ പെട്ടെന്ന് എന്ന് പറയുന്നത് പോലെയായിരുന്നു കവിതയുടെ വിവാഹം. വിവാഹ ശേഷവും കവിത, കഥകളുടെ ലോകത്ത് തന്നെയായിരുന്നു. പക്ഷേ ഒറ്റയ്ക്കല്ല, ഒപ്പം കവിതയുടെ സ്വന്തം നന്ദുവും ഉണ്ട്.

അന്ന് ഞങ്ങള്‍ കണ്ടു

ആദ്യ കൂടിക്കാഴ്ചയില്‍ വിപിന് കവിത താരപരിവേഷമില്ലാത്ത പെണ്‍കുട്ടിയായിരുന്നു. ”ടി. വി ഷോകളും സീരിയലും സിനിമയുമൊക്കെയായി ഞാന്‍ കൊച്ചിയില്‍ സ്ഥിരമാക്കിയ സമയം. അടുത്ത വീട്ടില്‍ നടന്ന ഒരു ഫാമിലി ഫംഗ്ഷന് ഞങ്ങളെയും ക്ഷണിച്ചിരുന്നു. അവരുടെ കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തു ചേര്‍ന്നൊരു പരിപാടിയായിരുന്നു അത്. അവിടെ വെച്ച് ആ വീട്ടിലെ കുട്ടിയാണ് എനിക്ക് അവരുടെ അകന്ന ബന്ധുകൂടിയായ വിപിന്‍ നന്ദനെ പരിചയപ്പെടുത്തുന്നത്. പക്ഷേ അപ്പോഴൊന്നും നന്ദു എന്റെ പരിപാടികളോ സീരിയലുകളോ സിനിമകളോ ഒന്നും കണ്ടിട്ടില്ലായിരുന്നു. അന്ന് ഞങ്ങള്‍ നല്ല പരിചയമുള്ളവരെ പോലെ ഒരുപാട് നേരം സംസാരിച്ചു.” അപ്പോഴൊന്നും ഒരു സെലിബ്രിറ്റിയുടെ മുഖം കവിതയില്‍വിപിന്‍ കണ്ടില്ല. ഫംഗ്ഷന് ശേഷം വിപിന്‍ ബാംഗ്ലൂര്‍ക്ക് തിരിച്ചു പോകുകയും ചെയ്തു.

”ഒരു ദിവസം നന്ദുവിന്റെ വീട്ടില്‍ ഫംഗ്ഷനെ പറ്റിയും ഒപ്പം എന്നെക്കുറിച്ചും സംസാരം വന്നു. നന്ദുവിന്റെ അമ്മ അത്യാവശ്യം ടി. വി ഷോകളും മറ്റും കാണുന്നത് കാരണം അമ്മയ്ക്ക് വേഗം എന്നെ മനസിലായി. സത്യത്തില്‍ അപ്പോഴാണ് നന്ദുവും ഞാന്‍ ഒരു സെലിബ്രിറ്റി ആണെന്ന് മനസ്സിലാക്കുന്നത്.” അതിനിടയില്‍ നല്ലൊരു സൗഹൃദം കവിതയ്ക്കും വിപിനും തമ്മില്‍ ഉടലെടുത്തിരുന്നു.

ഒരു ചിങ്ങമാസത്തില്‍

എല്ലാ ചിങ്ങമാസം പിറക്കുമ്പോഴും കവിതയുടെ അമ്മയ്ക്കും അച്ഛനും കവിതയോട് പറയാനുണ്ടായിരുന്ന ഒരേയൊരു കാര്യം വിവാഹത്തെപറ്റിയായിരുന്നു. പല തവണ പിടിതരാതെ നടന്ന കവിതയ്ക്ക് ഒടുവില്‍ പിടികൊടുക്കേണ്ടിവന്നു. ”സാധാരണ പെണ്‍കുട്ടികളെ പോലെ തന്നെ 23-ാം വയസു മുതല്‍ എനിക്കും വീട്ടില്‍ വിവാഹ ആലോചനകള്‍ തുടങ്ങിയിരുന്നു. പക്ഷേ ഞാന്‍ ഈ രംഗത്തേക്ക്  വന്നു തുടങ്ങുന്ന സമയമായിരുന്നു അത്. ആ കാരണം പറഞ്ഞ് ഞാന്‍ തടിതപ്പി. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു അമേരിക്കന്‍ ട്രിപ്പിന് തയ്യാറെടുക്കുമ്പോള്‍ എനിക്ക് അമ്മയുടെ മുന്നില്‍ സറണ്ടര്‍ ആകേണ്ടി വന്നു. വിവാഹത്തെ പറ്റി അമ്മ സീരിയസായി സംസാരിച്ചപ്പോള്‍ ശരിയാണെന്ന് എനിക്കും തോന്നി. എനിക്കൊരു പ്രണയമുണ്ടെങ്കില്‍ പോലും അച്ഛനും അമ്മയും എതിര്‍ക്കില്ലായിരുന്നു. കാരണം അവരെ വിഷമിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലന്ന് അവര്‍ക്കുറപ്പായിരുന്നു. അത്രയും ഫ്രീഡം എനിക്ക് തന്നിട്ടുണ്ട്. നന്ദുവുമായി നല്ല സൗഹൃദം നിലനിന്നിരുന്ന സമയമായിരുന്നു അത്. എന്റെ ലൈഫ് പാര്‍ട്ണര്‍ക്ക് വേണം എന്ന് ഞാന്‍ ആഗ്രഹിച്ച ക്വാളിറ്റി എന്താണോ അതെല്ലാം നന്ദുവിനുണ്ട്. അങ്ങനെ ആ സ്ഥാനത്തേക്ക് നന്ദുവിനെ ഞാന്‍ കണ്ടു തുടങ്ങി. നന്ദുവിന്റെ പെരുമാറ്റത്തില്‍ നിന്ന് എന്നോട് ഇഷ്ടമുണ്ടെന്ന് എനിക്ക് മനസ്സിലായി. പക്ഷേ ഇഷ്ടം ആദ്യം ഞാന്‍ പറയില്ലെന്ന് ഉറപ്പിച്ചു. നന്ദു തന്നെ പ്രൊപ്പോസ് ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നെ കണ്ട നാള്‍ മുതല്‍ മനസ്സില്‍ സൂക്ഷിച്ച ഇഷ്ടം ഒരു ദിവസം നന്ദു തുറന്നു പറഞ്ഞു. രണ്ടു വീട്ടുകാര്‍ക്കും എതിരഭിപ്രായവും ഉണ്ടായില്ല. അങ്ങനെ അമ്മയുടേയും അച്ഛന്റെയും ആഗ്രഹം പോലെ അടുത്ത ചിങ്ങത്തില്‍ ഞങ്ങള്‍ വിവാഹിതരാകുകയും ചെയ്തു.”

ചെറുകഥകളുടെ ലോകത്ത്

മലയാളം വായിക്കാനറിയാത്ത ഭര്‍ത്താവും മലയാളത്തെ സ്‌നേ ഹിച്ച് കഥകളുടെ ലോകത്ത് ജീവിക്കുന്ന ഭാര്യയും. ”നന്ദുവിന്റെ അച്ഛനും അമ്മയും പാലക്കാട് സ്വദേശികളാണ്. അച്ഛന്‍ പട്ടാളത്തിലായത് കൊണ്ട് നന്ദു ജനിച്ചതും വളര്‍ന്നതും എല്ലാം പഞ്ചാബിലാണ്. അതുകൊണ്ട് നന്ദുവിന് മലയാളം വായിക്കാനറിയില്ല. എങ്കിലും ഞാന്‍ കഥകളെഴുതുമെന്ന് അറിഞ്ഞത് മുതല്‍ നന്ദു അമ്മയെ കൊണ്ട് എന്റെ കഥകള്‍ വായിപ്പിച്ച് കേള്‍ക്കുമായിരുന്നു. ഇന്നും ഞാന്‍ എഴുതുന്ന കഥകള്‍ നന്ദുവിനെ വായിച്ച് കേള്‍പ്പിക്കും. മലയാളം അറിയില്ലെങ്കിലും നന്ദു നല്ലൊരു ആസ്വാദകനാണ്. വളരെ ശാന്തമായി തന്നെ എല്ലാം കേട്ടിരിക്കും. മാത്രമല്ല നന്ദു ഇംഗ്ലീഷില്‍ കഥകളെഴുതും.” ഒരു ചെറിയ മൗനത്തിന് ശേഷം എന്തോ ഓര്‍ത്തെടുത്ത പോലെ കവിത ചിരിച്ചു കൊണ്ട് തുടര്‍ന്നു ”എഴുത്തിന്റെ ലോകത്തെത്തിയ കാലത്ത് ഞാന്‍ മലയാളത്തെ ഉപദ്രവിക്കണ്ടെന്ന് കരുതി ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് എഴുതിയിരുന്നത്. ഒരു തരത്തില്‍ ആ എഴുത്ത് പണ്ടേ തന്നെ നിറുത്തിയതും നന്ദുവിന് മലയാളം ഒരുപാട് അറിയാത്തതും നന്നായി. അല്ലായിരുന്നെങ്കില്‍എന്നേ എന്നെ നന്ദു ക്രിട്ടിസൈസ് ചെയ്ത് കൊന്നേനെ.”

celebrity kavitha

എനിക്കൊപ്പം നന്ദന്‍

വിവാഹശേഷം കവിത നായര്‍ ഒരു ടി. വി പ്രോഗ്രാമും ചെയ്ത് മുങ്ങിയോ? സാധാരണ അഭിനേത്രിയെ പോലെ ഭര്‍ത്താവും കുടുംബവുമായി ജീവിക്കാന്‍ തുടങ്ങിയോ? ഇങ്ങനെ തുടങ്ങുന്നു ആരാധകരുടെ സംശയങ്ങള്‍. ”കഥയും സാഹിത്യവും എനിക്ക് ഏറ്റവും  പ്രിയപ്പെട്ടതാവുന്നത് ഞാന്‍ മീഡിയയിലേക്ക് കടന്നതിന് ശേഷമാണ്. അതുവരെ ഞാന്‍ എഴുതിയതെല്ലാം കാറ്റില്‍ പറത്തിയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘കവിത നായര്‍ ഓര്‍മ്മക്കുറിപ്പുകള്‍, കഥകള്‍’ എന്ന പേരില്‍ ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി എന്റെ കൃതികളെല്ലാം ബ്ലോഗില്‍ സൂക്ഷിച്ചു. പക്ഷെ ബ്ലോഗ് വരെ ഉള്ളൂ എന്റെ സാഹിത്യ ജീവിതം എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ബ്ലോഗ് നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ആളുകള്‍ വായിക്കുകയും ചെയ്തു. അതിലൂടെ രണ്ട് ഓണ്‍ലൈന്‍ മാഗസിനുകളില്‍ എനിക്ക് എഴുതാന്‍ അവസരം ലഭിച്ചു.

എന്തുകൊണ്ട് ഈ കഥകളെല്ലാം കൂട്ടി വച്ച് ഒരു പുസ്തകമാക്കിക്കൂടാ എന്ന് അഭിപ്രായപ്പെടുന്നത് എന്റെ ബ്ലോഗിലെ സ്ഥിരം സന്ദര്‍ശകരാണ്. വിവാഹശേഷം എനിക്ക് കുറച്ച് സമയം ലഭിച്ചപ്പോള്‍ അവര്‍ പറഞ്ഞത് പോലെ ഒരു പുസ്തകത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചു. എന്റെ തീരുമാനത്തില്‍ ഏറ്റവും സന്തോഷം നന്ദുവിനായിരുന്നു. കോതമംഗലത്തെ ’സൈകതം’ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇപ്പോള്‍ എന്റെ പുസ്തകത്തിനു പിന്നാലെയുള്ള യാത്രയിലാണ് ഞങ്ങള്‍. ഡിസംബറില്‍ പുസ്തകം പ്രസിദ്ധീകരിക്കും.”

മോഹന്‍ലാല്‍

മാമ്പഴക്കാലം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് കവിത ആദ്യമായി ലാലേട്ടനെ പരിചയപ്പെടുന്നത്. ”എന്താണ് ഹോബി എന്ന് ചോദിച്ചപ്പോള്‍ പുസ്തകങ്ങള്‍ വായിക്കും എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല അദ്ദേഹം എന്റെ ഇഷ്ട കഥാകൃത്തിനെ ചോദിക്കുമെന്ന്. അദ്ദേഹമാണ് എനിക്ക് വളരെ ലളിതമായ കഥകള്‍ പറഞ്ഞു തരുന്നത്. പത്മരാജന്‍ സാറിന്റെ ചെറുകഥകളെയും എന്‍. എസ്. മാധവന്‍ സാറിന്റെ കഥകളും വായിക്കാന്‍ പറയുന്നത് അദ്ദേഹമാണ്. അതുകൊണ്ട് തന്നെ പുസ്തകത്തില്‍ ആമുഖമെഴുതേണ്ടത് അദ്ദേഹമായിരിക്കണം എന്നാണ് എന്റെ ആഗ്രഹം.” അതിന് അനുവാദം ചോദിക്കാന്‍ വേണ്ടിയാണ് ബാഗ്ലൂരില്‍ നിന്ന് കവിതയും വിപിനും ഇപ്പോള്‍ കേരളത്തിലേക്ക് വന്നിരിക്കുന്നത്. വിവാഹ ജീവിതത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് കവിതയും വിപിനും. കവിതയുടെ മനസ്സില്‍ ഇപ്പോള്‍ ഡിസംബറില്‍ പുറത്തു വരുന്ന പുസ്തകം മാത്രമാണ്. കവിതയുടെ സ്വപ്‌നത്തിന് കൈ പിടിച്ച് കഥകളുടെ ലോകത്തേക്ക് നടക്കാന്‍ കൂട്ടായി വിപിന്‍ നന്ദനും ഉണ്ട്, എന്നും എപ്പോഴും കവിതയ്‌ക്കൊപ്പം…

ആതിര ശിശുപാലന്‍

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

nineteen − six =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>