അഗുംബയിലെ മഴക്കാലം

agumbe karnataka

നിലയ്ക്കാത്ത മഴയുമായി ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി നമുക്കരികില്‍ - കര്‍ണ്ണായിലെ അഗുംബെയില്‍ മഴ തോരാതെ പെയ്യുയാണ്.

നല്ല വേനല്‍ക്കാലത്തായിരുന്നു കര്‍ണ്ണാടകയിലെ ഷിമോഗയിലേക്ക് ഒരു യാത്ര പുറപ്പെട്ടത്. വേനല്‍ പൊള്ളിച്ച വഴികളിലൂടെ മംഗലാപൂരത്തുനിന്ന് ഉഡുപ്പിവഴി യാത്ര. യാത്രയ്ക്കിടയില്‍ പാതിമയക്കത്തിലെ സ്വപ്നത്തില്‍ ഒരു മഴ പെയ്യുന്നത് കണ്ടു. മെല്ലെ മഴത്തുള്ളികള്‍ വീണ് നനയുന്നതും. ആ സ്വപ്നത്തിന്റെ തണുപ്പില്‍ അറിയാതെ ഉണര്‍ന്നപ്പോള്‍ മഴപെയ്യുകയായിരുന്നു. എപ്പോഴോ പെയ്തു തുടങ്ങിയ ഒരു മഴയുടെ തുടര്‍ച്ചപോലെ.

പെരുമഴയത്ത് വണ്ടി ഒതുക്കിയിട്ട് കുറച്ച് മഴചിത്രങ്ങളെടുക്കാന്‍ ഞാനും ഫോട്ടോഗ്രാഫറായ അന്റോണിയോയും ഇറങ്ങി. മഴതണുപ്പില്‍ റയിന്‍കോട്ടിനുള്ളില്‍ നിന്ന് മുഖം മാത്രം പുറത്ത് കാണുന്ന കുട്ടിയോട് കന്നടയും മലയാളവും ചേര്‍ത്ത് സ്ഥലപ്പേര് ചോദിച്ചു: “അഗുംബെ” അവള്‍ പറഞ്ഞു. ആ പേരിനൊപ്പം പെയ്യുന്ന മഴ ഇന്നും നിലയ്ക്കാതെ പെയ്യുന്നുണ്ട്. അഗുംബെ ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയാണ്. അഥവാ മഴ നിലയ്ക്കാതെ പെയ്യുന്ന സ്ഥലം.

തണുപ്പുമാറ്റാന്‍ വഴിയോരത്തെ ഒരു ചായക്കടയില്‍ കയറി. അതിനുള്ളിലും മഴത്തുള്ളികള്‍ സാന്നിദ്ധ്യമറിയിക്കുന്നുണ്ടായിരുന്നു. തിളയ്ക്കുന്ന എണ്ണയില്‍ നിന്ന് വട കോരിയെടുത്ത് മഴ നനയാതെ പ്ലാസ്റ്റിക് കൊണ്ട് മൂടി ഇടുന്നതിനിടയില്‍ ചായക്കടക്കാരന്‍ മലമുകളിലെ മഴക്കാടുകളെക്കുറിച്ച് പറഞ്ഞ് തന്നു.

പാമ്പുകളുടെ പറുദീസ

മലമുകളിലെത്താന്‍ വനത്തിലൂടെയുള്ള 14 ഹെയര്‍പിന്‍ വളവുകള്‍. വളവുകളും മഞ്ഞും ചേര്‍ന്ന് നരച്ചുപോയ ഒരു ഭൂപടംപോലെ മുന്നില്‍ കിടക്കുന്നു. പെട്ടെന്ന് ഒരു കുലുക്കത്തോടെ വണ്ടി നിന്നു.

വഴിയരികില്‍ രണ്ട് രാജവെമ്പാലകള്‍ ഇണചേര്‍ന്ന് കിടക്കുന്നു.

“ഈ കാടും നാടും മുഴുവന്‍ പാമ്പുകളാ. പാമ്പിനെക്കുറിച്ച് പഠിക്കാന്‍ എത്ര ആള്‍ക്കാരാ ഇവിടെ വരുന്നത്.” അയാള്‍ പറഞ്ഞത് ഓര്‍ത്തെടുത്തു.

റോമുലസ് വിറ്റേക്കര്‍ എന്ന പാമ്പ് ഗവേഷകന്റെ പരീക്ഷണ ശാലകളാണ് “രാജവെമ്പാലകളുടെ തലസ്ഥാനം” എന്നറിയപ്പെടുന്ന അഗുംബെയിലെ മഴക്കാടുകള്‍. പാമ്പുകളുടെ പ്രിയസുഹൃത്താണ് വിറ്റേക്കര്‍. പലപ്പോഴും ഈ കാടുകളിലൂടെ അദ്ദേഹം മഴ നനഞ്ഞ് അവരെത്തേടി അലഞ്ഞ് നടക്കുന്നത് അഗുംബെയിലെ ജനങ്ങളുടെ പതിവ് കാഴ്ചയില്‍ ഒന്നാണ്.

കൊടും വിഷമുള്ള രാജവെമ്പാലകള്‍ മാത്രമല്ല അഗുംബെയിലെ മഴക്കാടുകളുടെ ആവാസവ്യവസ്ഥയില്‍ നിലനില്‍ക്കുന്നത്. എണ്ണമറ്റ സിംഹവാലന്‍ കുരങ്ങും വംശനാശത്തിന്റെ വക്കിലെത്തിയ പുള്ളിപ്പുലികള്‍, മലയണ്ണാന്‍, ചിത്രശലഭങ്ങള്‍ തുടങ്ങിയവയും അപൂര്‍വ്വമായി മാത്രം കാണുന്ന ഉരഗവര്‍ഗ്ഗത്തില്‍പ്പെട്ട് പറക്കുന്ന പല്ലികളും ഇവിടെയുണ്ട്.

സൂര്യാസ്തമയം

മഴ ചെറുതായി ഒന്ന് കുറഞ്ഞ് തുടങ്ങിയപ്പോള്‍ 13-ാമത്തെ ഹെയര്‍പിന്‍ വളവും കടന്ന് സമുദ്രനിരപ്പില്‍ നിന്നും 820 അടി മുകളില്‍ എത്തി.

“ദാ ആ കാണുന്നതാണ് സൂര്യാസ്തമന മുനമ്പ്.”

മഴ കാണാനെത്തിയ സഞ്ചാരികളില്‍ ഒരാള്‍ ചൂണ്ടിക്കാണിച്ചു തന്നു. കടലിലേക്ക് താഴുന്ന അസ്തമ സൂര്യന്റെ കാഴ്ചയല്ലിവിടെ. അങ്ങകലെ പച്ചപുതച്ച പ്രകൃതിക്കും മലനിരകള്‍ക്കും ഇടയിലേക്ക് താഴ്ന്ന്പോകുന്ന സൂര്യന്‍. ചുവന്ന വെളിച്ചം മലമുകളില്‍ തട്ടി പ്രതിഫലിക്കുന്ന അപൂര്‍വസുന്ദര കാഴ്ചകളില്‍ ഒന്ന് ഇവിടെയാണ്.

മഴക്കാടുകള്‍

ഫോറസ്റ്റ് ചെക്പോസ്റ്റില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കടത്തിവിടുന്നതിനിടയില്‍ ഗോവിന്ദരാജനാണ് മഴ ഗവേഷണ കേന്ദ്രത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞത്.

മഴക്കാടുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ഇന്ത്യയിലെ സ്ഥിരം സംവിധാനമാണ്, “റയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷന്‍.” വിറ്റേക്കറുടെ നേതൃത്വത്തില്‍ തന്നെയാണ് ഈ മഴപഠനകേന്ദ്രവും ഇവിടെ തുടങ്ങിയത്.

തുറന്നിരുന്ന വിന്‍ഡോ ഗ്ലാസിലൂടെ അകത്തേക്ക് കയറുന്ന സുന്ദരനായ ഒരു പച്ചിലപാമ്പ്. “മഴയൊന്ന് കുറഞ്ഞാല്‍ പാമ്പുകളൊക്കെ ഇറങ്ങി വരും.” ഒരു വടിയെടുത്ത് അയാള്‍ അതിനെ പുറത്തേക്ക് തള്ളിയിട്ടു.

മാനം ഇരുണ്ട് തുടങ്ങി. അടുത്ത മഴയ്ക്കുള്ള ഒരുക്കം. ആഗുംബെയാണ് മഴയുടെ ഗര്‍ഭഗൃഹം എന്ന് തോന്നും. മഴനനഞ്ഞ കുട്ടിക്കാലം ഓര്‍ത്ത് വെറുതെ ആ മഴയത്ത്

നനഞ്ഞ് നടന്നു. പിന്നെ മഴയിലേക്ക് ഒന്ന് നീട്ടി കൂകി. ഞങ്ങള്‍ മഴയെത്തേടി യാത്ര പുറപ്പെട്ടതല്ല മഴ ഞങ്ങളെത്തേടിയെത്തിയതായിരുന്നു എന്നു തോന്നുന്നു.

“നവംബര്‍, മാര്‍ച്ച് മാസങ്ങളില്‍ മഴ കുറച്ച് കുറവാണ്.”

“എന്നാലും എന്ത് മഴയാ…?” മഴനോക്കി നില്‍ക്കുന്ന സഞ്ചാരികള്‍ പരസ്പരം മഴയെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

ഞങ്ങള്‍ ഫോട്ടോ എടുക്കാനായി റോഡില്‍ നിന്ന് അല്‍പം അകത്തേക്ക് കയറാന്‍ തുടങ്ങി. ക്യാമറയ്ക്കുമുന്നില്‍ ഉയര്‍ന്ന് നിന്ന ഒരു ചെടിയുടെ മുകളറ്റം ഒടിക്കാന്‍ ശ്രമിക്കുകയായിരുന്നു അന്റോണിയോ.

“അത് ഒടിച്ച് കളയരുത് പച്ചമരുന്നാണ്.” പിന്നില്‍ ആരോ വിളിച്ചു പറഞ്ഞു.

അപൂര്‍വ്വ ഔഷധങ്ങളുടേയും മരങ്ങളുടേയും ശേഖരമാണ് ഈ കാടുകള്‍. ഓരോ ഔഷധച്ചെടിയേയും ഇവിടെ സംരക്ഷിക്കുന്നുണ്ട്. 1999ല്‍ അഗുംബെയെ മെഡിസിനല്‍ പ്ലാന്റ് കണ്‍സര്‍വേഷന്‍ ഏരിയായി പ്രഖ്യാപിച്ചു.

പശ്ചിമഘട്ട നിരകളുടെ യഥാര്‍ത്ഥ സൗന്ദര്യം അഗുംബെയിലാണ്. ആകാശത്തിന്റെ പ്രണയചുംബനങ്ങള്‍ ഏറ്റുവാങ്ങാന്‍ തല ഉയര്‍ത്തി നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ മഞ്ഞില്‍ ഒളിഞ്ഞും തെളിഞ്ഞും. ഒരു ഗുഹാമുഖത്ത് നിന്ന് ആരംഭിച്ച യാത്രപോലെ പച്ചനിറമുള്ള വഴികള്‍ കാട്ടിനുള്ളിലേക്ക് ഇഴഞ്ഞ് കയറിപ്പോകുന്നു. മലമുകളിലേക്ക് നടന്നു കയറുന്ന വനവഴികളില്‍ വിചിത്രമായ ഭീമന്‍ ചിലന്തികള്‍ വലനെയ്തിരിക്കുന്നു.

ബര്‍ക്കാന

“അടുത്തേക്ക് പോകരുത് അപകടമാണ്” കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത് നില്‍ക്കണമെന്നില്ല അകലത്തില്‍ നിന്നാല്‍പ്പോലും അറിയാം ആ വെള്ളത്തിന്റെ ശക്തി. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ബര്‍ക്കാന വെള്ളച്ചാട്ടം. ഈ ജലരേഖകള്‍ അഗുംബെയിലെ മഴക്കാടുകളിലൂടെ നുരഞ്ഞ് പതഞ്ഞ് ഒഴുകുന്നു. കാടിന്റെ വന്യതയും മഴയുടെ ശക്തിയും വെള്ളച്ചാട്ടത്തിന്റെ ശബ്ദവും. പേടി തോന്നുന്ന നിമിഷങ്ങളായിരുന്നു അത്. ക്യാമറ പുറത്തെടുക്കാന്‍പോലും തോന്നുന്നില്ല.

ജോഗി ഗുണ്ടിയും, ഒണകെ അമ്പയും, കൂടലു തീര്‍ത്ഥവും ചെറിയ ജലപാതങ്ങളാണ്. എങ്കിലും ആ ജലശ്രോതസ്സുകളുടെ പാല്‍നുരകളും നുണഞ്ഞ് യാത്ര മഴയിലും വെള്ളത്തിലുമായി ആസ്വദിച്ചു.

അഗുംബെയിലെ പെയ്തിറങ്ങുന്ന മഴയിലാണ് ഒരു ജനത ഉണരുന്നതും ജീവിക്കുന്നതും സ്വപ്നം കാണുന്നതും.

മഴചെറുതായി ഒന്ന് കുറഞ്ഞു തുടങ്ങി. തണുത്ത കാറ്റും മഴനീര്‍ത്തുള്ളികളും തങ്ങി നില്‍ക്കുന്ന അഗുംബെ മഴയുടെ സംഗീതത്തില്‍ ലയിച്ചുനില്‍ക്കുന്ന ഒരു ഗ്രാമമല്ല. ഒരിക്കലും തോരാതെ മണ്ണിലേക്കും മനസ്സിലേക്കും പെയ്തിറങ്ങുന്ന മേഘമല്‍ഹാര്‍ രാഗമാണ്.

അഗുംബെ പ്രധാന കാഴ്ചകള്‍

അഗുംബെ മഴക്കാടുകള്‍ (ട്രക്കിംഗ് റൂട്ട്)
സൂര്യാസ്തമന മുനമ്പ്
ബര്‍ക്കാന വെള്ളച്ചാട്ടം
ഒണതെ വെള്ളച്ചാട്ടം
കുടലു വെള്ളച്ചാട്ടം

അടുത്തുള്ള കാഴ്ചകള്‍

ഉഡുപ്പി ക്ഷേത്രം
ശൃംഗേരി ശാരദാപീഠം
തീര്‍ത്ഥ ഹള്ളി
ഷിമോഗ കോട്ട

വഴി - മംഗലാപുരത്തു നിന്ന് ഉഡുപ്പി ഹെബ്രിവഴി അഗുംബെയിലേക്ക് 110 കിലോമീറ്റര്‍ ദൂരം.

താമസം - അടുത്ത നഗരങ്ങളായ ഉഡുപ്പിയിലും തീര്‍ത്ഥഹള്ളിയിലും സഞ്ചാരികള്‍ക്കു വേണ്ടി ഹോട്ടലുകളും റസ്റ്റ് ഹൗസുകളും ഉണ്ട്.

റോമുലന്‍സ് വിറ്റേക്കര്‍

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ പ്രശസ്തനായ പാമ്പ് ഗവേഷകന്‍. ഇന്ത്യയിലെ മഴക്കാടുകളില്‍ അദ്ദേഹത്തിന്റെ ജീവിതം ഇന്നും തുടരുന്നു. അഗുംബെയിലെ കാടുകളില്‍ വളരെക്കാലമായി താമസിച്ച് പാമ്പുകളെ കുറിച്ച് പഠനം നടത്തിവരുന്നു. “ഇന്ത്യയിലെ പാമ്പുകള്‍” എന്ന പ്രശസ്തമായ ഗ്രന്ഥം എഴുതിയതും ഇവിടെ നിന്നാണ്. മഴക്കാടുകളെ കുറിച്ച് ഗവേഷണം നടത്താനായി ഇന്ത്യാഗവണ്‍മെന്റ് ആരംഭിച്ച റയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷന് വിറ്റേക്കറാണ് നേതൃത്വം നല്‍കിയത്. ഇപ്പോള്‍ മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലുള്ള പാമ്പുവളര്‍ത്തല്‍ കേന്ദ്രവും വിറ്റേക്കറുടെ ശ്രമഫലമാണ്. 1998ല്‍ നാഷണല്‍ ജിയോഗ്രാഫിക് ചാനലുമായി ചേര്‍ന്ന് തയ്യാറാക്കിയ “ദി കിംഗ് ആന്റ് ഐ” എന്ന ഡോക്യുമെന്ററി എമ്മി അവാര്‍ഡിന് അര്‍ഹമായി.

സുധി അന്ന

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

fifteen − 10 =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>