ഗാനവേണു

g venugopal

ജി. വേണുഗോപാല്‍ ആരോടും പഞ്ഞിട്ടില്ലാത്ത ചില കകള്‍, അദ്ദേത്തിന്റെ പാട്ടിന്റെ 30-ാം പിന്നാളിന് ഓര്‍ക്കുന്നു…

ഓര്‍മ്മകളുടെ പാട്ട് എവിടെയാണ് തുടങ്ങുന്നത് -  ജി. വേണുഗോപാല്‍ പിന്നിലേയ്ക്ക് നോക്കി. കണ്ണെത്താത്തിടത്തോളം ദൂരേയ്ക്ക്. ആദ്യത്തെ ഓര്‍മ്മയിലേയ്ക്ക്. അവ്യക്തമാണത്. ഒരു മെലഡി പോലെ സുന്ദരമായ ഒരു ഓര്‍മ്മ… പാളത്തിലൂടെ കുതിച്ചോടുന്ന തീവണ്ടി. അതിന്റെ ജനാലയ്ക്കല്‍ ഒരു കുട്ടി. പുഴകളും പാലങ്ങളും കടന്ന് രാത്രി വണ്ടി. ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ കുട്ടി ഛര്‍ദ്ദിച്ചു. സ്റ്റേഷനിലിറങ്ങി വെള്ളം വാങ്ങി കുടിച്ചു. ആ കുട്ടി താന്‍ തന്നെയാണെന്ന് ജി പിന്നീടാണറിഞ്ഞത്. അമ്മയുടെ നാടായ നോര്‍ത്ത് പറവൂരിലേയ്ക്കായിരുന്നു ആ യാത്രയെന്നും കൂടെയുണ്ടായിരുന്നത് താനാണെന്നും, പ്രശസ്ത ഗായികയും വേണുവിന്റെ മാതൃസഹോദരിയുമായ പറവൂര്‍ കെ. ശാരദാമണി പിന്നീട് പറഞ്ഞു കൊടുത്തു. അന്ന് രണ്ടരവയസായിരുന്നു വേണുവിന്. ഓര്‍മ്മകള്‍ അവിടെ തുടങ്ങുന്നു.

വേണുഗാനത്തിന് ഇത് 30-ാം പിറന്നാള്‍. 1984ല്‍ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തില്‍ എം.ജി രാധാകൃഷ്ണന്റെ സംഗീതത്തില്‍ ശ്രീനിവാസനായി ഹാസ്യസീനില്‍ പാടിയ നാലു വരി ഹിന്ദിഗാനമാണ് ആദ്യത്തേത്; അതിനും അഞ്ചു വര്‍ഷം മുന്‍പ് റേഡിയോയില്‍ പാടി തുടങ്ങിയെങ്കിലും. ഈ മുപ്പതാം വര്‍ഷം വേണു ചിലത് തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞു. അതില്‍ പ്രധാനം, ഒരു ശാസ്ത്രീയ സംഗീത കച്ചേരിയാണ്. പിന്നെ സംഗീത സംവിധാനവും.

വേണുവിനെ കാണുമ്പോള്‍, ചോദിക്കാന്‍ കരുതിയ ആ ചോദ്യത്തിന്, താങ്കളെങ്ങനെ ഇത്ര സൗമ്യനും ശാന്തനുമായെന്ന ചോദ്യത്തിന്, പാടിയ പാട്ടുപോലെ ഇത്രത്തോളം മെലഡിയായി എങ്ങനെ ജീവിക്കുന്നുവെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം ഒരു ചൈനീസ് പഴമൊഴിയാണ്. ആരും ജീവിതത്തില്‍ പരിശീലിച്ചു പോകുന്ന ആ പഴമൊഴി കേള്‍ക്കും മുമ്പ് ആ ജീവിതത്തിലെ ചില കഥകള്‍ കേള്‍ക്കാം. അദ്ദേഹത്തെ പാട്ടുകാരനും മെലഡിപോലൊരു മനുഷ്യനുമാക്കിയ പച്ചയനുഭവങ്ങളിലേയ്ക്ക്:

ദൈവത്തിന്റെ തംബുരു

കുട്ടികള്‍ തൊട്ടുകൂടാത്ത രണ്ട് അമൂല്യ വസ്തുക്കള്‍ വീട്ടിലുണ്ടായിരുന്നു. ഒന്നൊരു റേഡിയോ. കയ്യെത്താത്ത വിധം ഉയരത്തിലിരുന്ന റേഡിയോ പാടി കൊണ്ടിരുന്നു. മറ്റൊന്ന്, സംഗീതത്തില്‍ അമ്മയുടെയും സഹോദരിമാരുടേയും ഗുരുവായ ശെമ്മാംകുടി അനുഗ്രഹിച്ച് നല്‍കിയ തംബുരു. ദൈവം തന്നതുപോലൊന്ന്. വല്യമ്മ ആ തംബുരു മീട്ടിയാണ് സാധകം ചെയ്യുന്നത്. വേണു അപ്പോള്‍ അടുത്തു പോയിരിക്കും. അങ്ങനെ കുറെ ഇരുന്നപ്പോള്‍, ഒരു ദിവസം കുട്ടിയായ വേണുവിന് വല്യമ്മ തംബുരു നല്‍കി. വല്യമ്മയുടെ പാട്ടിന് വേണുവിന്റെ പിന്നണി. ചില സിനിമ പാട്ടുകള്‍ അതിനിടയില്‍ വല്യമ്മ വേണുവിനായി കണ്ടെത്തിയിരുന്നു. സാമ്യമകന്നോരു ധ്യാനമേ… ഗുരുവായൂരമ്പല നടയില്‍, ഉത്തരാ സ്വയംവരം കഥകളി കാണുവാന്‍ പോലുള്ളവ. വേണുവിനായി കണ്ടെത്തിയ ആ സിനിമ പാട്ടുകള്‍ എഴുതിയ ഒരു ഡയറി വല്യമ്മയ്ക്കുണ്ടായിരുന്നു. ശാസ്ത്രീയ സംഗീതത്തിലെ ഗുരുസ്ഥാനീയയായ ആ അമ്മ വേണുവിനായി കണ്ടെത്തിയ പാട്ടുകള്‍- അതായിരുന്നു തുടക്കം.

റേഡിയോ കൂട്ട്

വിനയകുമാറാണ് വീട്ടിലെ മൂത്തയാള്‍. വല്യമ്മയുടെ മകന്‍. ഒന്‍പത് വയസിന് മൂത്തയാളാണ്. പുള്ളിക്കാരന്‍ വായനയുടെ ലോകത്താണ്. പിന്നെ സഹോദരി രാധികയും വല്യമ്മയുടെ മകള്‍ ലതികയും. രണ്ടരവയസിന് ഇളപ്പമുള്ള അവര്‍ രണ്ടും ഒന്നിച്ചാണ് കളിയും കൂട്ടും. വേണു അങ്ങനെ ഒറ്റയ്ക്കായി. അന്നേ ഏകാന്തപഥികനായി. ആ ഏകാന്തതയില്‍ വേണുവിന് കിട്ടിയ കൂട്ടാണ് റേഡിയോ. പാട്ടുകള്‍ കേട്ടും പാട്ടിനൊപ്പം പാടിയുമുള്ള കൂട്ട്. കുട്ടിക്കാലത്ത് തുടങ്ങിയ ആ കൂട്ട് വലുതായപ്പോഴും വിട്ടില്ല- വേണു വളര്‍ന്നപ്പോള്‍ ജോലി ചെയ്തത് റേഡിയോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറായാണ്. പത്മരാജനെ പരിചയപ്പെട്ടതും സിനിമയിലേയ്ക്ക് കണ്ടെടുക്കപ്പെട്ടതും അതുവഴിയായിരുന്നു…

തോറ്റാല്‍ കരയരുത്

ആദ്യത്ത നിരാശയെ പറ്റി വേണു ഓര്‍ക്കുന്നു- കിള്ളിപ്പാലം സര്‍ക്കാര്‍ പ്രൈമറി സ്ക്കൂളില്‍ പഠിക്കുമ്പോള്‍ പാട്ടിനു മത്സരിക്കാന്‍ പോയി. സമ്മാനമൊന്നും കിട്ടിയില്ല. വീട്ടിലെത്തി വേണു കരച്ചിലോട് കരച്ചില്‍. വേണുവിന്റെ അമ്മ 18 വര്‍ഷം കോളേജില്‍ മ്യൂസിക് ഡിപ്പാര്‍ട്ട്മെന്റ് ഹെഡായിരുന്നു. എല്ലാ അര്‍ത്ഥത്തിലും മികച്ച അധ്യാപിക. ആ അമ്മ മകനെ താക്കീത് ചെയ്തു തോറ്റാല്‍ കരയാനാണെങ്കില്‍ നീയിനി മത്സരിക്കാന്‍ പോകണ്ട. ചിലപ്പോള്‍ നിന്നെക്കാള്‍ മോശം കുട്ടിക്കായിരിക്കും സമ്മാനം കിട്ടിയത്. നീ നന്നായി തയ്യാറെടുത്ത് മത്സരിക്കുക. റിയാലിറ്റി ഷോയില്‍ മത്സരിക്കാന്‍ വരുന്ന കുട്ടികളോടും താനതാണ് പറയുന്നതെന്ന് വേണു. തങ്ങളുടെ കുട്ടികള്‍ക്കു മാത്രമാണ് അങ്ങേയറ്റം കഴിവുള്ളതെന്ന് തെറ്റിദ്ധരിക്കുന്ന മാതാപിതാക്കളാണ് കുഴപ്പ ക്കാര്‍ വേണു പറയുന്നു.

ഇസ്തിരി പയ്യന്‍

ദേഷ്യം വരുമ്പോള്‍ അനുജത്തിമാരെ അടിക്കാന്‍ കയ്യോങ്ങുമായിരുന്നു വേണു. അമ്മ അത് കര്‍ശനമായി വിലക്കി, ശിക്ഷിച്ചു. പെണ്ണുങ്ങളുടെ നേരെ കൈപൊക്കരുതെന്ന് ശാസിച്ചു. അമ്മയുടേയും സഹോദരിമാരുടേയും വസ്ത്രങ്ങള്‍ വേണുവിനെ കൊണ്ട് ഇസ്രിതിരിയിടീച്ചു. വീട്ടില്‍ നിന്നുള്ള ആ ശീലത്തെക്കുറിച്ചു. വേണു ഓര്‍ക്കുന്നു സ്ത്രീകളെ ബഹുമാനിക്കാന്‍ അമ്മ പഠിപ്പിക്കുകയായിരുന്നു. അവളുടെ തലയ്ക്കിട്ട് ഒന്നു കൊടുക്കെടായെന്ന് ആണ്‍കുട്ടികളോട് വീട്ടില്‍ വെച്ച് പറഞ്ഞാല്‍, അവനത് നാട്ട് നടപ്പാക്കും. ഭക്ഷണം വിളമ്പുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് രണ്ടാം സ്ഥാനവും ആണ്‍കുട്ടിക്ക് ഒന്നാം സ്ഥാനവും നല്‍കിയാല്‍, പെണ്ണ് രണ്ടാം തരക്കാരിയാണെന്ന് അവന് തോന്നും. സ്ത്രീകളെ ബഹുമാനിക്കുന്ന ആണ്‍മക്കളെ വീടുകളിലാണ് സൃഷ്ടിക്കേണ്ടത്. അപ്പോള്‍ സ്ത്രീ പീഡനമൊന്നും നാട്ടിലുണ്ടാകില്ല.

അമ്മയും അച്ഛനും

പലകാര്യങ്ങളിലും അമ്മയും അച്ഛനും തമ്മില്‍ ഒരേ അഭിപ്രായമൊന്നുമുണ്ടാകില്ല. അതിന്റെ പേരില്‍ അവര്‍ ഇരുവരും ഭയങ്കരമായി തര്‍ക്കിക്കും. പക്ഷെ, ഏതോ ഒരു മാന്ത്രികനിമിഷം അവര്‍ ഒരു അഭിപ്രായ ഐക്യത്തിലെത്തും. ഒരേ അഭിപ്രായത്തിലെത്താനുള്ള തര്‍ക്കമായിരുന്നു അതെന്ന് തോന്നിയിട്ടുണ്ട്. അഞ്ച് സ്ത്രീകളും ഒരു പുരുഷനുമായിരുന്നു അമ്മയുടെ വീട്ടില്‍. അമ്മ മരിച്ചതിനാല്‍ അമ്മൂമ്മയും മൂത്തചേച്ചിയുമാണ് അവരെ വളര്‍ത്തിയതും വിദ്യാഭ്യാസം നല്‍കിയതും. കരുത്തുള്ള ആ സ്ത്രീകളെ കണ്ടാണ് വേണു വളര്‍ന്നത്.

മോഹന്‍ലാല്‍

മോഡല്‍ സ്ക്കൂളില്‍ അഞ്ചാംക്ലാസിലേയ്ക്ക് ചെല്ലുമ്പോള്‍ അവിടെ ആറാം ക്ലാസില്‍ മോഹന്‍ലാലുണ്ട്. അഞ്ചിലെ കുട്ടികളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചത് അവിടെ നിന്ന് പാസൗട്ടായ ഇന്നത്തെ മണിയന്‍പിള്ള രാജുവായ അന്നത്തെ സുധീര്‍ കുമാറാണ്. പ്രിയദര്‍ശന്‍, എം.ജി ശ്രീകുമാര്‍, നിര്‍മ്മാതാവ് മേനക സുരേഷ് കുമാര്‍ എന്നിവരെല്ലാം അവിടെയുണ്ട്. റേഡിയോയിലെ ബാലലോകത്തില്‍ സ്കൂളിനെ പ്രതിനിധീകരിച്ച് പാടാന്‍ വേണുവും നാടകത്തിന് മോഹന്‍ലാലും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്.

പറിച്ചെടുത്ത നഖങ്ങള്‍

അടിയന്തിരാവസ്ഥയുടെ 76ല്‍ വേണു സ്ക്കൂളിലുണ്ട്. തൊട്ടടുത്ത ആര്‍ട്ട്സ് കോളേജിലാണ് അന്നത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി തോമസ് എബ്രഹാം ഡിഗ്രിക്ക് പഠിക്കുന്നത്. സമരവും പ്രസംഗവുമായി സ്ക്കൂളില്‍ വരാറുള്ള തോമസിനെ വേണുവിനറിയാം. അടിയന്തിരാവസ്ഥയ്ക്കിടയില്‍ തോമസ് പെട്ടെന്ന് അപ്രത്യക്ഷനായി. അടിയന്തിരാവസ്ഥ പിന്‍വലിച്ചു കഴിഞ്ഞാണ് തോമസിനെ പിന്നീട് കാണുന്നത്. പോലീസ് പിടിച്ചു കൊണ്ടുപോയതായിരുന്നു അയാളെ. പിന്നെ കാണുമ്പോള്‍, തോമസിന്റെരണ്ട് പുരികവും വടിച്ചു കളഞ്ഞിരുന്നു. കയ്യിലേയും കാലിലേയും മുഴുവന്‍ നഖങ്ങളും പോലീസുകാര്‍ പിഴുതെടുത്തിരുന്നു. നെഞ്ചിലെ രോമങ്ങളോരോന്നായി പറിച്ചെടുത്തിരുന്നു. പൂട പറിച്ച ഒരു കോഴിയെ പോലെ. സഹിക്കാനാവാത്തതായിരുന്നു ആ കാഴ്ച. പിന്നീട് അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന രാത്രി മുഴുവന്‍ ഞാനുറങ്ങാതിരുന്നു. പിറ്റേന്ന്, ഇന്ദിരാഗാന്ധിയെ റായ് ബരേലി മണ്ഡലത്തില്‍ രാജ് നാരായണ്‍ പരാജയപ്പെടുത്തിയെന്നും ജനതാപാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നും അറിഞ്ഞപ്പോഴാണ് സമാധാനമായത്.

ആ ആരാധികമാര്‍

മാര്‍ ഇവാനിയസ് കോളേജിരിക്കുന്ന ബെഥനിക്കുന്നില്‍ വച്ചാണ് വേണു ജീവിതത്തിലെ ഏറ്റവും അമൂല്യമായ തീരുമാനമെടുത്തത് പാട്ടുകാരനാവുക! അതിന് കാരണമായതാവട്ടെ അവിടുത്തെ ആരാധികമാരും. വേണുവിന് തൊട്ടുമുമ്പ് അവിടെ പഠിച്ച മറ്റൊരു പ്രശസ്ത ഗായകന്‍, ചെന്ന വഴി ഒരു പ്രേമത്തില്‍ അകപ്പെട്ടതിനാല്‍ മറ്റ് പെണ്‍കുട്ടികള്‍ക്ക് അയാളോട് ഒരു താല്‍പ്പര്യവുമില്ലായിരുന്നു. ‘നോ പ്രേമം’ എന്ന ഉറച്ച തീരുമാനത്തോടെയാണ് വേണു കോളേജിലെത്തുന്നത്. കവികളും രാഷ്ട്രീയക്കാരും അതിസുന്ദരന്മാരുമെല്ലാം കോളേജിലുണ്ടായിട്ടും വേണുവിന്റെ പാട്ടിനു ചുറ്റുമായിരുന്നു പെണ്‍കുട്ടികള്‍. ഇന്നത്തെ നടന്‍ നനന്ദുവടക്കമുള്ള പ്രീഡിഗ്രിക്കാരും ആരാധകവൃന്ദത്തിലുണ്ട്. പാട്ടിന്റെ ആ മാസ്മരികതയാണ്, പാട്ടില്‍ ഉറച്ചു നില്‍ക്കാനുള്ള പ്രേരണ വേണുവിന് നല്‍കിയത്.

ആദ്യ റേഡിയോ ജോക്കി

ആകാശവാണിയില്‍ വേണു പ്രോഗ്രാം പ്രൊഡ്യൂസറായി ഏറെക്കാലം ജോലി ചെയ്തു. വേണുവിന്റെ മേല്‍നോട്ടത്തിലാണ് ഇന്ത്യയിലാദ്യമായി റേഡിയോ ജോക്കികളെ പരീക്ഷിച്ചത്. മദ്രാസിലും ബോംബെയിലുമായിരുന്നു ആ പരീക്ഷണം. റോക്ക് സ്റ്റാറിനെ പോലയുള്ള ജോക്കികള്‍. ആളുകളെ കേള്‍വിയില്‍ പിടിച്ചു നിര്‍ത്തുകയാണ് ആര്‍ജെയുടെ ഡ്യൂട്ടി. കോള്‍ക്കുന്നവരോട് വ്യക്തിപരമായി സംസാരിക്കുന്നതു പോലെ തോന്നും. വേണു പാടുമ്പോഴും, എനിക്കു വേണ്ടി പാടുന്നുവെന്ന് ഓരോരുത്തര്‍ക്കും തോന്നില്ലേ? വേണു പറയുന്നു, ഒരു പക്ഷെ ഞാനത് ആ റേഡിയോ ജോക്കികളില്‍ നിന്ന് പഠിച്ചതാകാം…

ആ പഴഞ്ചൊല്ല്

ആശ്ചര്യത്തോടെയാണ് ചോദിച്ചത്, താങ്കളിതു വരെ ആരോടും ദേഷ്യപ്പെട്ടിട്ടില്ലേയെന്ന്. അദ്ദേഹം ഓര്‍ത്തു യൂണിവേഴ്സിറ്റി കോളേജില്‍ രണ്ടാമത്തെ എംഎയ്ക്ക് ചേര്‍ന്നപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം ‘ഫ്രീ’ എന്ന സംഘടന രൂപീകരിച്ച് മത്സരിച്ചു. ആര്‍ട്സ് ക്ല-് സെക്രട്ടറിയായി. ആ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചപ്പോള്‍ ഒരിക്കല്‍ ദേഷ്യപ്പെട്ടു. ഇപ്പോള്‍, വീട്ടിലെ ദേഷ്യക്കാരി മകള്‍ അനുപല്ലവിയാണ്.

മുംതാസ് അലിയെന്ന എം മുതല്‍ ചേര്‍ത്തല ഗോപാലന്‍ നായര്‍വരെ നീളുന്ന ഗുരുക്കന്മാര്‍ ജീവിതത്തിലും സംഗീതത്തിലുമുണ്ട്. സംഗീതചക്രവര്‍ത്തിനിമാരായ അമ്മയ്ക്കും സഹോദരിമാര്‍ക്കും മുന്നില്‍ ഒരു ശാസ്ത്രീയ കച്ചേരി നടത്തുകയാണ് ഇപ്പോഴുള്ള ലക്ഷ്യം. അമ്മമാരും ഗുരുസ്ഥാനത്താണ്. അവരെല്ലാവരും ചേര്‍ന്ന് രൂപപ്പെടുത്തിയ വേണുവിന്റെ ജീവിതത്തില്‍ മന്ത്രം പോലെ ആദ്ദേഹം പിന്തുടരുന്ന ആ ചൈനീസ് പഴമൊഴി ഇതാണ്: നമ്മളെ ഒരാള്‍ പട്ടി എന്നു വിളിച്ചുവെന്നിരിക്കട്ടെ. നമ്മള്‍ ദേഷ്യപ്പെടേണ്ടതില്ല. നമ്മള്‍ പട്ടിയല്ലല്ലോ. ഇനി പട്ടിയാണെങ്കിലും ദേഷ്യപ്പെടണ്ട.

കനകമുന്തിരി തട്ടിപ്പറിക്കാന്‍

ഏറെ ഹിറ്റുകള്‍ മലയാളത്തിനു നല്‍കിയ ശേഷം റേഡിയോ ജോലികളിലേയ്ക്ക് ഒതുങ്ങിയ ജി. വേണുഗോപാലിനെ സിനിമാ ഗാനത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവന്നത് വി.കെ പ്രകാശ് ആദ്യമായി സംവിധാനം ചെയ്ത ‘പുനരധിവാസം’ എന്ന ചിത്രത്തിലെ കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍’ എന്ന ഗാനമാണ്. ആ ഗാനം ദേശീയ അവാര്‍ഡിന്റെ വക്കോളമെത്തിയതാണ്. തന്റെ ആദ്യ ചിത്രത്തില്‍ വേണു ഒരു ഗാനം പാടണമെന്ന് പരസ്യസംവിധായകന്‍ മാത്രമായിരുന്ന കാലത്ത്, ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ വി.കെ പ്രകാശ് വേണുഗോപാലിനോട് പറഞ്ഞിരുന്നതാണ്. ആ ഗാനം പാടിയതിനു ശേഷം മലയാളത്തിലെ ഒരു പ്രശസ്ത ഗായകന്‍, വി.കെ പ്രകാശിനോട് അതേ ഗാനം ഫ്രീയായി പാടി കൊടുക്കാമെന്നും തന്നെ ഒഴിവാക്കണമെന്നും പറഞ്ഞുവെന്ന് വേണുഗോപാല്‍ പറയുന്നു. അതിന്റെ പേരില്‍ വി.കെ പ്രകാശിന് ഏറെ സമ്മര്‍ദ്ദങ്ങള്‍ സഹിക്കേണ്ടി വന്നത്രേ. സിനിമ ഇറങ്ങുമെങ്കില്‍ അതില്‍ വേണുവിന്റെ പാട്ടോടു കൂടി മാത്രമേ എന്ന വി.കെ പ്രകാശിന്റെ കടുംപിടുത്തമാണ്, അതിസുന്ദരമായ ആ ഗാനം വേണുഗോപാലിന്റെ ശബ്ദത്തില്‍ കേള്‍ക്കാനുള്ള ഭാഗ്യം മലയാളിക്ക് നല്‍കിയത്.

ലാസര്‍ ഷൈന്‍

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

fifteen − 11 =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>