കല്ലില്‍ കവിത കൊത്തിയ മഹാബലിപുരം

mahabalipuram

കല്ലിലും കടലിലും കനവുകളിലും കവിത തീര്‍ക്കുന്ന മാമല്ലപുരം എന്ന മഹാബലിപുരം. മഹാബലിപുരത്തേക്കുള്ള യാത്രക്കു മുന്‍പ് അവിടുത്തെ കാഴ്ചകളെക്കുറിച്ചു ചോദിച്ചവര്‍ക്കെല്ലാം വിശേഷങ്ങള്‍ പറയാന്‍ നൂറ് നാവ്. ജനുവരി മാസത്തിലെ തണുത്ത ഒരു പകലില്‍ ഞങ്ങള്‍ മഹാബലിപുരത്തെത്തി. നമ്മുടെ മഹാബലിപുരം തമിഴര്‍ക്ക് മാമല്ലപുരമാണ്. എട്ടാം നൂറ്റാണ്ടുവരെ തെക്കേ ഇന്ത്യ ഭരിച്ചിരുന്നത് പല്ലവന്മാരായിരുന്നു. പല്ലവരാജവംശത്തിന്റെ തലസ്ഥാനവും തുറമുഖനഗരവുമായിരുന്നു മാമല്ലപുരം. നരസിംഹന്മാരായിരുന്നു പല്ലവരാജവംശത്തിലെ ഏറ്റവും പ്രബലരായ രാജാക്കന്മാര്‍ നരസിംഹന്‍ ഒന്നാമന്‍ മാമസ എന്നാണ് അറിയപ്പെട്ടിരുന്നത്. അങ്ങിനെയാണ് മാമല്ലപുരം എന്ന പേര് ഉണ്ടായതത്രേ. അല്ലാതെ നമ്മുടെ മഹാബലിയുമായി മഹാപലിപുരത്തിന് ഒരുബന്ധവുമില്ല.

എന്നാല്‍ കേരളത്തോട് സാദൃശ്യമുള്ള സ്ഥലശയനപെരുമാള്‍ എന്നത് ഗൈഡ് പ്രകാശ് ചേട്ടന്റെ നിര്‍ദേശമായിരുന്നു.ആ കോവിലില്‍ ചെല്ലുമ്പോള്‍ അവിടെ വിശേഷപൂജകള്‍ നടക്കുകയാണ്. ഭക്തര്‍ കൂടിയിരുന്ന് ഭജന പാടുന്നുണ്ട് സ്ഥലശയനപെരുമാളിനെ കണ്ട് അത്ഭുതം തോന്നി. നമ്മുടെ അനന്തപത്മനാഭന്റെതു പോലുള്ള പ്രതിഷ്ഠ അത്രയും വലിപ്പമില്ല എന്നൊരുവ്യത്യാസം മാത്രം. കേരളത്തില്‍ നിന്നാണ് എന്നു പറഞ്ഞപ്പോള്‍ പൂജാരിക്ക് ഞങ്ങളോട് ഒരു പ്രത്യേകസ്നേഹം അനന്തപത്മനാഭന്റെ നാട്ടില്‍ നിന്നാണല്ലേ എന്നുപ റഞ്ഞ് സ്ഥലശയന പെരുമാളിനെക്കുറിച്ച് ഞങ്ങള്‍ക്ക് വിശദീകരിച്ചുതന്നു. വസ്തുവ്യവഹാരകാര്യങ്ങളില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് ഗുണമുണ്ടാകാന്‍ പെരുമാളിന്റെ അനുഗ്രഹം സഹായിക്കുമെന്നാണ് വിശ്വാസം.

മഹാബലിപുരത്തെ മറ്റൊരു അത്ഭുതകാഴ്ചയാണ് ഗണേശമണ്ഡപം. മലയടിവാരത്തില്‍പണിത പത്ത് മണ്ഡപങ്ങള്‍ ഇവിടെയുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ഗണേശമണ്ഡപമാണ്. ഈ മണ്ഡപത്തില്‍കൊത്തി വച്ചിരിക്കുന്ന ആനയാണ് മഹാബലിപുരത്തിന്റെമുദ്ര. ഇതിഹാസ പുരുഷന്‍മാര്‍ മാത്രമല്ല മഹാബലിപുരത്തിന്റെ കരിങ്കല്‍ തൂണുകളില്‍ നിറയുന്നത് അന്നത്തെ മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ പകര്‍പ്പുകളും അവയില്‍ കാണാം. ഏഴാം നൂറ്റാണ്ടുമുതല്‍ ഒന്‍പതാം നൂറ്റാണ്ടുവരെ നടന്ന ദ്രാവിഡ മുന്നേറ്റത്തിന്റെ അവശിഷ്ട്ടങ്ങളാണ് മഹാബലിപുരത്തു നാം കാണുന്നത്. ഒറ്റക്കല്ലില്‍ തീര്‍ത്തിരിക്കുന്ന ശില്‍പ്പങ്ങള്‍ ഇന്നും ആര്‍ക്കിടെക്ച്ചറിയുടെ മഹാത്ഭുതങ്ങളാണ്.

സഹസ്രാബ്ദങ്ങളായി വെയിലും മഴയുമേറ്റ് നില്‍ക്കുന്ന ഈ ശില്‍പ്പങ്ങള്‍ക്ക് അവയുടെ അഴകും വടിവും ചോര്‍ന്നു പോയിട്ടില്ല. തെളിഞ്ഞ ശോഭയോടെ അവയെല്ലാം ഇന്നും നിലകൊള്ളുന്നു. അതിനു കാരണം ഓരോ ശില്‍പ്പത്തിലും അതി സൂക്ഷമമായി മഴച്ചാലുകള്‍ നിര്‍മിച്ചിട്ടുള്ളതുകൊണ്ടാണ്. ഇത്തരം അത്ഭുതങ്ങള്‍ തന്നെയാണ് യുനസ്കോയുടെ ലോകപൈതൃകപട്ടികയിലേക്ക് മഹാബലിപുരത്തെയും എത്തിച്ചത്.

ഉണ്ണിക്കണ്ണന്റെ കൈയിലെ വെണ്ണ

ഗണേശമണ്ഡപത്തോടു ചേര്‍ന്നുള്ള മറ്റൊരു അത്ഭുതമാണ് ഉണ്ണിക്കണ്ണന്റെ കയ്യിലെ വെണ്ണ എന്നു വിളിക്കുന്ന പാറ. മണ്ഡപത്തോട് ചേര്‍ന്നുള്ള പാറക്കൂട്ടത്തില്‍ ഇപ്പോള്‍ താഴേക്ക് വീഴും എന്നു തോന്നിക്കും വിധമൊരു ഭീമന്‍ കല്ല്. ദൂരെ നിന്നുനോക്കിയാല്‍ ആ കല്ല് ഇപ്പോള്‍ താഴേക്ക് ഉരുണ്ട് വീഴുമെന്നു തോന്നും. മനുഷ്യന്‍ തീര്‍ത്ത അത്ഭുതങ്ങളെ കവച്ചുവക്കാന്‍ പ്രകൃതി ഒരുക്കിയ മറ്റൊരത്ഭുതം.

പഞ്ചരഥങ്ങളുടെ കഥ

പഞ്ചപാണ്ഡവന്‍മാര്‍ക്കും പാഞ്ചാലിക്കുമായി അഞ്ച് രഥങ്ങളുണ്ട് മഹാബലിപുരത്ത്. അഞ്ചുരഥങ്ങളും കാഴ്ചയില്‍ വളരെവ്യത്യസ്തമാണ്. ഏറ്റവും വലിയ രഥം പാണ്ഡവരില്‍ മൂത്ത സഹോദരനായ യുധിഷ്ഠിരന്റെതാണ്. സഹദേവനും നകുലനും കൂടി ഒരു രഥമാണുള്ളത് അഞ്ചുരഥങ്ങളില്‍ ഒന്ന് പാഞ്ചാലിയുടേതാണ് കൂട്ടത്തില്‍ ചെറുതും, എന്നാല്‍ കൊത്തുപണികളാല്‍ മനോഹരവുമാണ് പാഞ്ചാലിയുടെ മണ്ഡപം. അഞ്ചുരഥങ്ങള്‍ക്കു കാവലായി നിന്ദികേശനും, സിംഹവും, ആനയും ഉണ്ട്. ബുദ്ധക്ഷേത്ര മാതൃകയിലാണ് രഥങ്ങളുടെ നിര്‍മാണം. മഹാബലിപുരത്തെ മിക്ക ക്ഷേത്രങ്ങളും ഗുഹാക്ഷേത്രങ്ങളാണ്.

കലയേയും കലാകാരന്‍മാരേയും സ്നേഹിച്ചിരുന്ന പല്ലവ രാജാക്കന്‍ന്മാരുടെ ഹൃദയാര്‍ദ്രതയുടെ ഉദാഹരണങ്ങളാണ് മഹാബലിപുരത്തെ ഓരോ ശില്‍പ്പവും. യന്ത്രസാമഗ്രികള്‍ ഇത്രയധികം വികാസം പ്രാപിച്ച ഇന്നു പോലും ഇത്രസൂക്ഷമമായുള്ള ശില്‍പ്പനിര്‍മാണം സ്വപ്നം കാണാന്‍ സാധിക്കില്ല. അന്നത്തെ കലാകാരന്‍മാര്‍ തൊഴിലിനെ എത്ര ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നു എന്നതിന്റെ അവശേഷിപ്പുകളാണ് ഋതുക്കള്‍ മാറിവന്നിട്ടും സൗന്ദര്യത്തിനു മങ്ങലേല്‍ക്കാത്ത മാമല്ലപുരത്തെ ഓരോ പ്രതിമയും.

ശില്‍പ്പികളുടെ കുടില്‍ വ്യവസായം

ശില്‍പ്പനിര്‍മാണം ഇന്ന് മഹാബലിപുരത്ത് ഒരു കുടില്‍ വ്യവസായമാണ്. പണ്ട് പല്ലവരാജാക്കന്മാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി കൊണ്ടുവന്ന ശില്‍പ്പികളുടെ പിന്മുറക്കാരാണ് ഇന്ന് മഹാബലിപുരത്ത് ശില്‍പ്പനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച ശില്‍പ്പങ്ങള്‍ പിറവിയെടുക്കുന്നതും ഈ കുടിലുകളില്‍ന്നാണ്. ഇവിടെ നിര്‍മിക്കപ്പെടുന്ന ശില്‍പ്പങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കപ്പെടുന്നുണ്ട്.

എങ്കിലും ഇവടുത്തെ ജീവിതങ്ങള്‍ ഇപ്പോഴും പരിതാപകരമാണ്. പൈതൃകമായി ലഭിച്ച സിദ്ധി കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്ന പുതുതലമുറയും മഹാബലിപുരത്തെ നിരത്തുകളില്‍ സജീവം. വിവിധതരത്തിലുള്ള ചെറിയ ശില്‍പ്പങ്ങള്‍മുതല്‍ ആറടിയോളം വലിപ്പമുള്ള വിഗ്രഹങ്ങള്‍ വരെ ഈ കുടിലുകളില്‍ നിര്‍മിക്കുന്നുണ്ട്. മഹാബലിപുരത്തിന്റെ ഓര്‍മക്കായി ഒരു കൊച്ചു കുങ്കുമച്ചെപ്പും ഞാന്‍ വാങ്ങി. വിലയില്‍ വലിയ പേശലിനൊന്നും പോയില്ല. ഉളളം കൈയില്‍ ഒതുങ്ങുന്ന ആ കുങ്കുമച്ചെപ്പില്‍ വിരിയുന്ന സൗന്ദര്യത്തിനു പിന്നിലെ കരവിരുതിന് എത്ര പണം കൊടുത്താല്‍ മതിയാകും…

കല്ലില്‍കവിത രചിക്കുക മാത്രമല്ല മഹാബലിപുരത്തിന്റെകാലില്‍ നോപുരധ്വനിയും ഉണരും. ജനുവരി ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന നൃത്ത താണ്ഡവത്തില്‍ പങ്കടുക്കുവാനായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി കലാകാരികളും കലാകാരന്‍മാരും മഹാബലി പുരത്തേക്ക് ഒഴുകാറുണ്ട്.

സൂര്യനുദിക്കുന്ന ക്ഷേത്രം

കടല്‍ തീരത്തോട് ചേര്‍ന്നുകിടക്കുന്ന മൂന്ന് ക്ഷേത്രങ്ങളാണിവിടുള്ളത്. രണ്ട് ശിവക്ഷേത്രവും, ഒരു വിഷ്ണുക്ഷേത്രവും. സൂര്യന്റെ ആദ്യകിരണങ്ങള്‍ ക്ഷേത്ര കവാടത്തില്‍ പതിക്കും വിധമാണ് ക്ഷേത്രനിര്‍മാണം.

ആധുനിക കാലത്തെ ആര്‍കിടെക്ച്ചര്‍ വദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ തുറന്നുവച്ച പുസ്തകമാണ് മഹാബലിപുരം. കാലം എത്ര കഴിഞ്ഞിട്ടും മിഴിചിമ്മാതെ നില്‍ക്കുന്ന ശില്‍പ്പചാരുതയും, ഒറ്റക്കല്ലില്‍ തീര്‍ത്ത പഞ്ചരഥവുമെല്ലാം ഈ നാടിന്റെ നൂറ്റാണ്ടുകള്‍ മുന്‍പുള്ള കഥ പറയും. ആ കല്‍തൂണുകളില്‍ വട്ടം പിടിച്ച് ഒന്നുകണ്ണടച്ചാല്‍ നമുക്കും കേള്‍ക്കാം പതിരറ്റാണ്ടുകള്‍ പിന്നിട്ട മാമല്ലപുരത്തിന്റെ നാള്‍ വഴികള്‍.

എങ്ങിനെ എത്താം

അടുത്തുള്ള റെയില്‍വെസ്റ്റേഷന്‍ ചെങ്കല്‍പേട്ട ആണ്. ചെന്നൈ റെയില്‍വെ സ്റ്റേഷനിലേക്ക്‌ 54 കിലോമീറ്റര്‍ ദുരമുണ്ട് മഹാബലിപുരത്തേക്ക്

എവിടെ താമസിക്കാം

ഐഡിയല്‍ ബീച്ച് റിസോര്‍ട്ട്
റ്റി.റ്റി.ഡി.സി ഹോട്ടല്‍ മാമല്ലപുരം
ഹോട്ടല്‍ മഹാബ്സ്

കാണേണ്ട സ്ഥലങ്ങള്‍

സ്ഥലശയനപെരുമാള്‍ ക്ഷേത്രം
പഞ്ചരഥങ്ങള്‍
ഗണേശമണ്ഡപം
സീഷോര്‍ ടെമ്പിള്‍
മഹാബലിപുരം ബീച്ച്

ആര്യ എസ്. നായര്‍

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

seventeen + thirteen =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>