തോഴി കന്യകയായ മാജിക്ക്

thesni khan

തോഴി, രാജകുമാരിയാകുന്നതുപോലൊരു മാജിക്! തെസ്നിഖാന്‍ അങ്ങനെ ന്യൂജനറേഷന്‍ സിനിമയുടെ ‘കന്യക’യായി…

ഈ തെസ്നിഖാന്‍ എന്നു പറയുന്നത് സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാന്‍ എന്നു പറയുന്നതുപോലെയാണോ? ഈ ചോദ്യം മലയാളികള്‍ കേട്ടത് സത്യന്‍അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന ചിത്രത്തിലാണ്. ചിലപ്പോള്‍ ഓള്‍ഡ് ജനറേഷനിലുള്ള ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഇങ്ങനെയൊരു സംശയം ഉണ്ടായിട്ടുണ്ടായേക്കാം. തെസ്നിഖാന്‍ എന്ന പേര് അവരുടെ ഓര്‍മ്മയില്‍ നിന്നും ചികഞ്ഞടുക്കാന്‍ ബുദ്ധിമുട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. കൂട്ടുകാരിയായും, മിന്നിമാറി പോകുന്ന കൂട്ടത്തിലൊരാളായും സിനിമയില്‍ തിളങ്ങാതെ പോയ ആരും ശ്രദ്ധിക്കാതെപോയ ഒരു വെറും നടി.

എന്നാല്‍ അതൊക്കെ അന്തകാലം. ഇന്തകാലത്തിലെ ന്യൂ ജനറേഷന്‍ ബോയ്സും ഗേള്‍സുമെല്ലാം തെസ്നിഖാനെന്ന നടിയെ തിരിച്ചറിയുന്നു. തെസ്നിഖാന്‍ എന്ന പേര് മുഴുവന്‍ പറഞ്ഞു തീര്‍ക്കുന്നതിനു മുന്‍പേ ഒരേ സ്വരത്തില്‍ പറയുന്നു ‘അത് നമ്മുടെ ‘കന്യക അല്ലേ?’ ബ്യൂട്ടിഫുള്ളിലെ കന്യകയെന്ന ഒറ്റ കഥാപാത്രം കൊണ്ടുതന്നെ കേരളക്കര തെസ്നിഖാനെന്ന നടിയുടെ അഭിനയമികവ് തിരിച്ചറിഞ്ഞിരിക്കുന്നു. ഈ ഭാഗ്യങ്ങളെല്ലാം വന്നു ചേരുമ്പോള്‍ എല്ലാം പടച്ചോന്റെ കരുണ എന്ന് തെസ്നിഖാന്‍.

അഭിനയം രക്തത്തില്‍

എന്റെ പപ്പ അലീഖാന്‍, മമ്മി റുഖിയ. എനിക്കൊരു സഹോദരിയുണ്ട് സെസ്നിഖാന്‍. ഞാന്‍ ജനിച്ചത് കോഴിക്കോടാണ്. പപ്പ ഒരു മജീഷ്യനായിരുന്നു. പിസി സര്‍ക്കാരായിരുന്നു പപ്പയുടെ ഗുരു. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് ഞങ്ങള്‍ കൊച്ചിയിലെത്തുന്നത്. പപ്പ കൊച്ചിന്‍ കലാഭവനില്‍ ചേര്‍ന്നു. എന്റെ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ആബേലച്ചന്‍ മുഖാന്തരം കൊച്ചിന്‍ കലാഭവനില്‍ തന്നെ ഗാനഭൂഷണത്തിന് ചേര്‍ന്നു. അതിന്റെ കൂട്ടത്തില്‍ കലാഭവനില്‍ തന്നെ ഡാന്‍സ് ട്രൂപ്പിലും ഞാനുണ്ടായിരുന്നു. അങ്ങനെ എന്റെ ഡാന്‍സ് കണ്ടിട്ടാണ് ആദ്യ ചിത്രം ‘ഡെയ്സി’ലേക്ക് വിളിക്കുന്നത്. എനിക്കു തോന്നുന്നത് എന്റെ അഭിനയം രക്തത്തില്‍ ഉള്ളതാണെന്നാണ്. കാരണം, എന്റെ മമ്മി നല്ലതുപോലെ അഭിനയിക്കുമായിരുന്നു. സ്കൂള്‍ നാടകങ്ങളിലെല്ലാം മമ്മിയായിരുന്നു ഫസ്റ്റ്. ഇടയ്ക്ക് സിനിമയിലഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അതിനു പോകാന്‍ മമ്മിയുടെ ഫാമിലി സമ്മതിച്ചിരുന്നില്ല. മമ്മിയുടെ ഫാമിലി ഒരു ഓര്‍ത്തഡോക്സ് ആയിരുന്നു. അന്ന് മമ്മിക്കത് വലിയ സങ്കടമായിരുന്നു. ആ സങ്കടം ഇന്ന് സന്തോഷമാകുന്നത് എന്നിലൂടെയാണ്. മമ്മിക്കാവാന്‍ കഴിയാത്ത് എന്നിലൂടെ സാധിക്കുന്നു.

പപ്പയെന്ന വിസ്മയം

ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ പപ്പ മജീഷ്യനായിരുന്നു. കൊച്ചിന്‍ കലാഭവനുമായി ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ ഫാമിലിയായിട്ടാണ് മാജിക്ക് ഷോ ചെയ്തിരുന്നത്. പ്രൊഫസര്‍ മുതുകാടൊക്കെ പപ്പയുടെ അടുത്തു വന്ന് അനുഗ്രഹം വാങ്ങിയിട്ടുണ്ട്. എന്നാലും മാജിക്കില്‍ ഒരുപാട് പ്രസിദ്ധി നേടാന്‍ പപ്പയ്ക്കായില്ല. ടിവി ഷോകളില്‍ മാജിക്ക് പരിപാടി നടത്തിയിട്ടുണ്ടെങ്കിലും ഇന്നത്തെപോലെ ചാനലുകളുടെ പ്രസക്തി അന്നുണ്ടായിരുന്നില്ല. ഇന്നത്തെ അവസ്ഥ അന്നുണ്ടായിരുന്നെങ്കില്‍ പപ്പ അംഗീകരിക്കപ്പെട്ട ഒരാളായിരുന്നേനെ. പപ്പയുടെ പേര് കുറച്ചുപേര്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിപ്പോയി. പപ്പയെ അറിയാതെ പോയവര്‍ ഇന്ന് എന്നിലൂടെ പപ്പയെ അറിയുന്നുണ്ട്. ഞാന്‍ പപ്പയെപറ്റി എവിടെപോയാലും സംസാരിക്കും. മരിച്ചുപോയെങ്കിലും പപ്പ ഇന്നും എന്റെ മനസ്സില്‍ ജീവിക്കുന്നുണ്ട്.

ട്രാക്ക് മാറി

അഭിനയിക്കാനറിയാമെങ്കിലും അഭിനയിക്കേണ്ട കഥാപാത്രങ്ങളെ പറ്റി വലിയധാരണ എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ കൈയ്യില്‍ കിട്ടിയ വേഷങ്ങള്‍ തിരക്കഥാകൃത്തുക്കള്‍ക്കും സംവിധാകര്‍ക്കും കഥയ്ക്കും പ്രാധാന്യം നല്‍കി ചെയ്തുപോന്നു. അങ്ങിനെ എന്റെ ട്രാക്കെന്ന് പറയുന്നത് നായികയുടെ കൂട്ടുകാരി എന്ന ലെവലിലായി. പിന്നീടാണ് അത് വലിയ അദ്ധമായിപോയെന്ന് തിരിച്ചറിയുന്നത്. സിനിമ വലിയ കാര്യമായി ഞാന്‍ എടുക്കാഞ്ഞതും മറ്റൊരു കാരണമാണ്. പിന്നീട് ചെറിയ റോളുകളാണെങ്കിലും കൊള്ളാമെന്ന് മറ്റുള്ളവര്‍ പറഞ്ഞു തുടങ്ങിയപ്പോഴാണ് ഞാന്‍ സിനിമയെ സീരിയസ്സായി കണ്ടു തുടങ്ങിയത്. അങ്ങനെ സീരിയസ്സായി സിനിമയെ എടുത്തപ്പോള്‍ ആദ്യം തീരുമാനിച്ചത് ‘ഫ്രണ്ട് റോളുകള്‍’ ഉപേക്ഷിക്കുക എന്നതായിരുന്നു. എന്നാലും സിനിമയില്‍ നിന്ന് പതിയെ മാറുകയെന്ന ചിന്ത വന്നു ചേര്‍ന്നു. അങ്ങിനെയാണ് സീരിയലുകള്‍ ചെയ്തു തുടങ്ങുന്നത്. കൂടാതെ നാദിര്‍ഷയുടെ ടീമിന്റെ കോമഡി വീഡിയോ കാസറ്റുകളില്‍ നായികയായി. ആ ടീമില്‍ ജയറാമൊക്കെയുണ്ടായിരുന്നു. പുറം രാജ്യങ്ങളില്‍ പരിപാടിക്കെല്ലാം പോയി തുടങ്ങിയപ്പോള്‍ എന്നെ എല്ലാവരും അറിഞ്ഞു തുടങ്ങി. കൊല്ലത്തിലൊരു പടം ചെയ്യുകയെന്ന സ്ഥിതിയായി പിന്നീട്. മനസ്സില്‍ സിനിമവേണ്ട എന്നു തോന്നി തുടങ്ങിയ സമയമായിരുന്നു അത്. അങ്ങനെ സീരിയലുകള്‍ കൂടി വന്നപ്പോള്‍ കൂടുതല്‍ ശ്രദ്ധ സീരിയലിലായി.

സിനിമ തിരിച്ചു വിളിച്ചു

ഒരുപാട് നാളുകള്‍ക്കുശേഷം സീരിയലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോഴാണ് ദിലീപ് എന്നെ ‘പാപ്പി അപ്പച്ചാ’ എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. കോമഡി കാസറ്റുകളില്‍ ജയറാമേട്ടനോടൊപ്പം ദിലീപുമുണ്ടായിരുന്നു അന്ന് ഞങ്ങളുടെ കൂടെ. ആ ഒരു ഓര്‍മ്മയിലാണ് എന്നെ ദിലീപേട്ടന്‍ വിളിക്കുന്നത്. അതില്‍ ചെറിയ റോളായിരുന്നുവെങ്കിലു സിനിമയൊന്നും ചെയ്യാതിരിക്കുന്ന അവസരങ്ങളില്‍ അത് വലിയ സമാധാനമായിരുന്നു. ആ സിനിമ ചെയ്ത് കുറച്ചു നാള്‍ കഴിഞ്ഞപ്പോഴാണ് പോക്കിരിരാജയിലേക്ക് എന്നെ ക്ഷണിക്കുന്നത്. എന്റെ രണ്ടാം പ്രവേശനം എന്നു പറയാവുന്ന സിനിമ ‘പോക്കിരിരാജ’യാണ്. അതില്‍ ഞാന്‍ സിനിമ മുഴുവനുമുണ്ട്. അങ്ങിനെ സിനിമയില്‍ ഇനി നില്‍ക്കാമെന്ന തീരുമാനത്തിലെത്തി.

എല്ലാം പടച്ചോന്‍

ഇപ്പോള്‍ സമയം തെളിഞ്ഞു, ഭാഗ്യം തുടങ്ങി എന്നൊന്നും പറയാന്‍ സാധിക്കില്ല. കാരണം എനിക്ക് ഇനിയും ചെയ്തു തീര്‍ക്കാന്‍ കിടക്കുന്നതേ ഉള്ളൂ. ഇതുവരെ ചെയ്തത് അതായത് 2010 മുതല്‍ ഇപ്പോള്‍ 2013 വരെ പടച്ചോന്‍ അനുഗ്രഹിച്ച് എനിക്ക് നല്ലതു തന്നു. ഇനി എന്തു തരുമെന്ന് പറയാന്‍ പറ്റില്ല. എല്ലാം പടച്ചോന്റെ അനുഗ്രഹം. അങ്ങനെയേ പറയാന്‍ പറ്റൂ. ആദ്യകാലങ്ങളില്‍ എന്റെ സമുദായത്തില്‍ ഞാന്‍ സിനിമയിലേക്കു വന്നതില്‍ എതിര്‍പ്പുള്ളവരുമുണ്ടായിരുന്നു. എന്നാല്‍ ഞാനും എന്റെ കുടുംബവും ഇതുവരെ അവരെയാരെയും ശല്യം ചെയ്യാതെ മോശം പറയിപ്പിക്കാതെ നല്ല വഴിയിലൂടെ പോകുന്നു. അഭിനയം എന്ന കഴിവ് എനിക്ക് പടച്ചോന്‍ തന്നതാണ്. എന്നോട് നീ ഈ ജോലി എടുക്കണം എന്നു പറഞ്ഞത് പടച്ചോന്‍ തന്നെയല്ലെ. ഈ വഴി കാണിച്ചു തന്നതും പടച്ചോന്‍ അല്ലാതെ വേറെ ആരാ. അപ്പോള്‍ ഞാന്‍ പടച്ചോന്റെ നിര്‍ദ്ദേശപ്രകാരം എന്റെ ജോലി എടുക്കുന്നു. അത്രയുള്ളൂ. എന്നെ എതിര്‍ത്തിരുന്നവരെക്കാളും കൂടുതല്‍ എന്റെ സമുദായത്തില്‍ തന്നെ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരുമുണ്ട്. എന്റെ വീടിനടുത്തുള്ളവരെല്ലാം തന്നെ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരാണ്. അവരും മുസ്ലീംസ് തന്നെയാണ്. ആരെകൊണ്ടും മോശം പറയിപ്പിച്ചിട്ടില്ല. അത്തരത്തിലുള്ള റോളുകളും ചെയ്തിട്ടില്ല. ജോലിയെ ജോലിയായും മതത്തെ മതമായും ഞാന്‍ കരുതുന്നു. മതം വിട്ടുള്ള കളികളൊന്നുമില്ല. ഒരു മുസ്ലീം എന്ന നിലയില്‍ ഞാന്‍ പ്രാര്‍ഥനകളും നിസ്ക്കാരങ്ങളുമൊന്നും മുടക്കാറില്ല. മമ്മൂക്കയെ കണ്ടിട്ടില്ലേ അഞ്ചു നേരവും നിസ്ക്കരിക്കുന്നൊരാളാണ് അദ്ദേഹം. അതിന്റെ അനുഗ്രഹ അദ്ദേഹത്തിന് കിട്ടുന്നുമുണ്ട്.

കന്യക

ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒരു റോളാണ് ‘ബ്യൂട്ടിഫുളി’ലെ കന്യക. അതിലെ അഭിനയം കണ്ടിട്ടാണ് അനൂപ്മേനോന്‍ എന്നെ ‘ട്രിവാഡ്രം ലോഡ്ജി’ലേക്കു ക്ഷണിക്കുന്നത്. മറ്റുളളവര്‍ക്കെടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുള്ള റോളാണെങ്കിലും ഞാന്‍ അത് അഭിനയിച്ചപ്പോള്‍ ഹ്യൂമര്‍ വര്‍കൗട്ടാക്കാന്‍ സാധിച്ചു. അതിന്റെ മുഴുവന്‍ ക്രെഡിറ്റും കൊടുക്കേണ്ടത് വി.കെ.പിക്കും അനൂപിനുമാണ്. കാരണം വള്‍ഗറാകാത്ത വിധത്തില്‍ ഡയലോഗ് പ്രസന്റേഷനും ഭാവാഭിനയവും നടത്തിയത് അവരുടെ നിര്‍ദ്ദേശമനുസരിച്ചാണ്. ആ ക്യാരക്ടര്‍, യൂത്തിന് ഒരുപാട് ഇഷ്ടപ്പെട്ടെന്നറിഞ്ഞു. അത് ഞാന്‍ ചെയ്ത കോമഡി കഥാപാത്രങ്ങള്‍ ആളുകള്‍ അംഗീകരിച്ചതിന്റെ തെളിവാണ്. സത്യത്തില്‍ ആളുകള്‍ എന്നെ സ്വീകരിച്ച് തുടങ്ങുന്നതും “കന്യക’യില്‍ നിന്നുമാണ്.

എല്ലാ സൗഭാഗ്യങ്ങള്‍ക്കുമിടയില്‍ തെസ്നിയുടെ കണ്ണുകള്‍ നിറയ്ക്കുന്നത് പപ്പായുടെ ഓര്‍മ്മകളാണ്, ഒപ്പം പപ്പായുടെ വാക്കുകളും. കാര്യസ്ഥന്‍ കണ്ടിറങ്ങുമ്പോള്‍ പപ്പ പറഞ്ഞു “ഇനി എന്റെ മോള്‍ ജീവിച്ചോളും.” അതിനുശേഷമുള്ള തെസ്നി സിനിമകള്‍ പപ്പയ്ക്ക് കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. മനസ്സില്‍ സന്തോഷം നിറഞ്ഞ് പപ്പ പറഞ്ഞ ആ വാക്കുകളാണ് ഇന്ന് തെസ്നിയെ ഈ നിലയില്‍ കൊണ്ടെത്തിച്ചിരിക്കുന്നതും ഇനി പുതിയ പടവുകളിലേക്ക് നയിക്കുന്നതും.

ആതിര

Share this article ->FacebookGoogle+TwitterLinkedInPinterestEmail

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ സ്മാര്‍ട്ട്‌ ഫാമിലി ഉത്തരവാദിയായിരിക്കില്ല.

മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

1 × 3 =

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>